
ചാലക്കുടി: കനാൽ വെള്ളമെത്താത്തതിനാൽ ചാലക്കുടിയിലെ കൂടപ്പുഴ, സൗത്ത് ജംഗ്ഷൻ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. കിണറുകൾ ഏതാണ്ട് വറ്റി. അവശേഷിക്കുന്നവയിൽ കലക്കുവെള്ളം. ഇനിയും ഇത് തുടർന്നാൽ വെള്ളംകുടിക്കാൻ ജനങ്ങൾ നെട്ടോട്ടം ഓടണം.
ഇറിഗേഷൻ ക്വാർട്ടേഴ്‌സിന് സമീപത്തെ കണ്ണംകുളത്തിൽ കനാൽ വെള്ളമെത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കാനിടയാക്കിയതെന്ന് വെട്ടുകടവ്, സൗത്ത് ജംഗ്ഷൻ മേഖലയിലെ ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കണ്ണംകുളം നിറയ്ക്കാൻ കാലാകാലങ്ങളിൽ കനാൽ വെള്ളം വിടുന്നുണ്ടെന്നാണ് ഇറിഗേഷൻ അധികൃതരുടെ വിശദീകരണം. എന്നാൽ വെള്ളമെത്തിയിട്ട് മൂന്ന് വർഷമായെന്നാണ് നാട്ടുകാർ പറയുന്നു.
വേനലിൽ അഞ്ച് വട്ടം കുളം നിറയ്ക്കണമെന്ന വ്യവസ്ഥയിലെ ആദ്യ ദൗത്യം പോലും പാലിച്ചിട്ടില്ല. കൂടപ്പുഴ ബ്രാഞ്ച് കനാലിലൂടെ കിലോ മീറ്ററുകൾ ഒഴുകി കണ്ണംകുളത്തിൽ ചാടുന്നതോടെ അയ്യായിരത്തോളം വീടുകളിലെ കിണറുകളിൽ ഉറവയെത്തും. ഇതിന്റെ ആദ്യപടിയെന്ന നിലയിലെ കനാൽ വൃത്തിയാക്കൽ പകുതി പോലും പൂർത്തീകരിച്ചില്ല. രണ്ട് മാസം മുൻപ് വൃത്തിയാക്കിയ ഭാഗങ്ങളും പഴയ അവസ്ഥയിലായി. ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ മെയിൻ കനാലിൽ ഇത്തവണ ആവശ്യത്തിന് വെള്ളമുണ്ട്.
എന്നാൽ ബ്രാഞ്ച് കനാലിൽ കൂടി വിവിധ മേഖലയിലേയ്ക്ക് വെള്ളം കൊണ്ടുപോകാൻ കർഷകർ മത്സരിക്കുന്നതാണ് തെക്കെ കൂടപ്പുഴ പ്രദേശത്തിൽ വെള്ളമില്ലാതാക്കിയത്. ക്രമപ്രകാരം വെള്ളം വിടുന്നുണ്ടെന്നാണ് ഇറിഗേഷൻ അധികൃതർ പറയുന്നത്. എന്നാൽ ഇവിടെ എത്തുന്നില്ലെന്ന് മാത്രം. 2019ൽ കണ്ണംകുളം നവീകരിച്ച് കൂടുതൽ വെള്ളം സംഭരിക്കാൻ സർക്കാർ സംവിധാനമുണ്ടാക്കി. 60 ലക്ഷമാണ് ഇതിന് ചെലവഴിച്ചത്. രണ്ട് വർഷമേ കുളം നിറയ്ക്കൽ നടന്നുള്ളൂ.
വേനലിലെ ഇടമഴകൾ വരൾച്ചയെ ലഘൂകരിച്ചു. ഇക്കുറി അനുദിനം കൂടുന്ന ചൂട് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. എത്രയും വേഗം കണ്ണംകുളം നിറയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
ബിജു ചിറയത്ത്
ആറാട്ടുകടവ് വാർഡ് കൗൺസിലർ
വകുപ്പ് മന്ത്രിക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടും പ്രയോജനമുണ്ടായില്ല. പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
പി.ഡി.ദിനേശ്
പ്രസിഡന്റ്
ഗോൾഡൻ നഗർ റസിഡൻസ് അസോ.