തൃപ്രയാർ: ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാൻ മനുഷ്യർ വിവിധ മാർഗങ്ങൾ തേടുമ്പോൾ ഒരു തുള്ളി ദാഹജലത്തിനായി തെട്ടോട്ടം പറക്കുന്ന പറവകൾക്ക് സൗകര്യമൊരുക്കുകയാണ് വലപ്പാട്ടെ അദ്ധ്യാപക കൂട്ടായ്മ. ചോദിക്കാൻ അറിയാത്തവർക്ക് അറിഞ്ഞുനൽകുന്ന ധർമ്മം ഏറ്റെടുക്കുകയാണ് കെ.എസ്.ടി.എ.
വേനൽ കടുത്തതോടെ പക്ഷികൾക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. കുട്ടികളെയും രക്ഷിതാക്കളെയും സഹകരിപ്പിച്ചാണ് അദ്ധ്യാപകർ പറവകൾക്കായി കുടിവെള്ളം ഒരുക്കുന്നത്. കിളികൾക്ക് കുളിർ നീര് നല്കുന്ന പദ്ധതി വലപ്പാട് ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നടപ്പിലാക്കി.
തണലുള്ളതും ഭയമില്ലാതെ വന്നുപോകാൻ പറ്റുന്ന ഇടങ്ങളിലുമാണ് കുടിവെള്ളം ഒരുക്കിവച്ചിരിക്കുന്നത്. വലപ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പച്ചത്തുരുത്തിൽ കിളികൾക്ക് ദാഹജലം ഒരുക്കി. കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബിനോയ് ടി. മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി. വിനോദിനി, ഉപജില്ലാ സെക്രട്ടറി ടി.വി. വിനോദ്, എം.ഡി. ദിനകരൻ, ജിജ ടി.എ, ഇ.കെ. കദിജാബി, സിജി മോൾ, വി.എസ്. ബിജി, കെ. സരസ്വതി, ഷീജ ടി.ജി, അമ്പിളി കെ.വി, സിന്ധു കെ.പി, ഷൈനി പി.വി, സിന്ധു പി, ബനേഷ് ബാബു എന്നിവർ വിവിധയിടങ്ങളിൽ കിളികൾക്ക് കുളിനീർ പദ്ധതിയിൽ പങ്കെടുത്തു.