കൊരട്ടി: ചിറങ്ങര റെയിൽവേ മേൽപ്പാല നിർമാണത്തിലെ മെല്ലെപ്പോക്കിന് ആശ്വാസമായി ട്രാക്കിന് മുകളിൽ സ്പാനുകൾ ഘടിപ്പിച്ചു. ഒരുവർഷമായി മുടങ്ങികിടന്ന പ്രധാന പ്രവൃത്തിയാണ് ശനിയാഴ്ച പുലർച്ചെ നടന്നത്. നാല് സ്പാനുകളാണ് മൂന്നു മണിക്കൂറിനുള്ളിൽ സ്ഥാപിച്ചത്. വലിയ ക്രെയിനുകൾ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. നിർമാണ പ്രവൃത്തിയുടെ ഭാഗമായി ട്രെയിനുകളുടെ വേഗതക്ക് രണ്ടു ദിവസം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രവർത്തനം കാണാൻ സനീഷ് കുമാർ ജോസഫ് എം.എൽ.എ സ്ഥലത്തെത്തി. റെയിൽവേ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ പത്മജൻ, സീനിയർ സെക്ഷൻ എൻജിനീയർ തോമസ് ജോസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനം. തമിഴ്‌നാട്ടിലെ ടൂൾ ഫാബ് കമ്പനിയാണ് സ്ട്രക്ച്ചറൽ പണികൾ നടത്തിയതെങ്കിലും ട്രാക്കിന് മുകളിലെ ജോലികൾ റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഇനി ട്രാക്കിന് സമീപത്തെ 2 സ്പാനുകൾ ഘടിപ്പിച്ചാലും ഇവയുടെ അനുബന്ധ പ്രവർത്തനങ്ങളും പൂർത്തിയാക്കണം. ഇതിന് നാല് മാസം വേണ്ടിവരും. ചിറങ്ങര റെയിൽ ക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആരംഭിച്ച പത്തു മേൽപ്പാലങ്ങളിലൊന്നായിരുന്നു ചിറങ്ങരയിലേത്. 2021 ജനുവരിയിലാണ് നിർമാണോദ്ഘാടനം നടന്നത്. സർക്കാർ കിഫ് ബി ഫണ്ടിൽ നിന്നും 22.61 കോടി രൂപ വിനിയോഗിച്ച് ആർ.ബി.ഡി.സി മുഖേന ഒരു വർഷം കൊണ്ടു പൂർത്തിയാക്കാനായിരുന്നു തീരുമാനം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ നേതൃത്വത്തിൽ നടന്ന നിർമാണ പ്രവർത്തികൾ ആദ്യഘട്ടത്തിൽ ധ്രുതഗതിയിലായിരുന്നു. അവസാന ഘട്ടത്തിലെത്തിയപ്പോൾ മെല്ലെപ്പോക്കിലായി. കുറക്കാലം പ്രവർത്തനം മുടങ്ങി കിടന്നു.