sruthi

തൃശൂർ: ' സ്ത്രീയെന്നതൊന്നും ഒരു പരിമിതിയല്ല. ലക്ഷ്യം നേടാൻ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കുക. നിരുത്സാഹപ്പെടുത്തുന്നവരെ ഗൗനിക്കേണ്ട. തീർച്ചയായും സ്വപ്നം സഫലമാകും.' പറയുന്നത് നാടൻ ഗ്രാമീണ ഭക്ഷ്യവിഭവങ്ങളുടെ രുചിയറിയാൻ ചെന്നൈ ഐനാവരത്ത് നിന്ന് തൃശൂർ ചിറയ്ക്കൽ വരെ സൈക്കിളോടിച്ചെത്തിയ ശ്രുതി തറയിൽ. ജനുവരി 30ന് തുടങ്ങിയ, ചിറയ്ക്കൽ കുറുമ്പിലാവ് സ്വദേശി ശ്രുതിയുടെ (37) യാത്ര ഇന്നലെ ചിറയ്ക്കലെത്തി, നാട്ടുകാരുടെ സ്വീകരണവും ഏറ്റുവാങ്ങി. ചൂടിനെ വകവയ്ക്കാതെ തിരുപ്പതി, കോയമ്പത്തൂർ, പാലക്കാട് വഴി ഗ്രാമങ്ങളിലൂടെ 700 കിലോമീറ്റർ സഞ്ചരിച്ചു. ആദിവാസി, ഗോത്രവിഭാഗങ്ങളുടേത് ഉൾപ്പെടെ വിവിധ ഭക്ഷണ രീതികളെക്കുറിച്ചും നാടൻ സസ്യങ്ങളെപ്പറ്റിയും പഠിച്ചു. നാട്ടുകാരുടെ പിന്തുണയിലായിരുന്നു താമസവും ഭക്ഷണവും. കുഗ്രാമങ്ങളിലെ നിരവധി ഭക്ഷ്യവിഭവങ്ങളെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തി. ക്ഷേത്രങ്ങളിലെ ആചാരരീതികളും ഗ്രാമീണ ജീവിതരീതിയും സംസ്‌കാരവും മനസിലാക്കി. യാത്രയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും അമേരിക്കയിൽ വിദ്യാർത്ഥിയുമായ ഹൈദരാബാദ് സ്വദേശി അനുപമ സെമ്പല്ലി തിരുപ്പതിയിൽ വച്ച് യാത്ര അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങി. പക്ഷേ ശ്രുതി ലക്ഷ്യം മറക്കാതെ മുന്നോട്ടു നീങ്ങി.

ഭക്ഷണവും ജീവിതവും വ്യത്യസ്തം

മുംബയ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിദുദാനന്തര ബിരുദം നേടി. തുടർന്ന് ഓൺലൈൻ രംഗത്ത് ജോലി ചെയ്യുകയാണ് ശ്രുതി. അഞ്ചോളം വിദേശരാജ്യങ്ങൾ സന്ദർശിച്ചു. റേല എന്ന സംഘടനയുടെ സ്ഥാപകയാണ്. വൈവിദ്ധ്യമുള്ള ഭക്ഷണ, ജീവിതരീതികൾ രേഖപ്പെടുത്തി. സ്ത്രീകൾക്ക് തനിച്ച് സൈക്കിൾ യാത്ര ബുദ്ധിമുട്ടാണെന്ന് പലരും പറഞ്ഞെങ്കിലും ബുദ്ധിമുട്ടുണ്ടായില്ല.

യാത്രയിൽ സുരക്ഷിതത്വമില്ലായ്മ തോന്നിയില്ല. ഗ്രാമീണർ ഉൾപ്പെടെയുള്ളവർ ബഹുമാനിക്കുകയും പിന്നുണയ്ക്കുകയും ചെയ്തു.


ശ്രുതി.