
തൃശൂർ: ലോകസഭയിലേക്ക് മത്സരിക്കുന്ന 20 എൽ.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാൻ എല്ലാ ആഭരണ നിർമ്മാണത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന ആഭരണ നിർമ്മാണത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. തൊഴിലാളികളെ ദ്രോഹിക്കുന്ന, പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന, പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി കുത്തകകൾക്ക് തീറെഴുതി നൽകി പകരം ഇലക്ടറൽ ബോണ്ട് വഴി കോടികൾ സമാഹരിച്ച് ജനവിധിയെ അട്ടിമറിക്കുന്ന ബി.ജെ.പിയെ താഴെയിറക്കാൻ ഈ അവസരം വിനിയോഗിക്കണം. ഇടതുമുന്നണി സർക്കാർ നടപ്പാക്കുന്ന ബദൽ നയം രാജ്യമാകെ പ്രചരിപ്പിക്കാൻ അവസരം ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വി.പി.സോമസുന്ദരൻ, കെ.ബി.സുകുമാരൻ, സി.സേതുമാധവൻ, ഷീലാ പ്രകാശൻ, പി.ബി.സുരേന്ദ്രൻ, അഡ്വ.അശോക് കുമാർ എന്നിവർ സംസാരിച്ചു.