squad

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനും നടപടിയെടുക്കാനും ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവെയലൻസ് ടീം, രണ്ട് വീതം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ്, ഒന്ന് വീതം വീഡിയോ സർവെയലൻസ് ടീം എന്നിവയെ നിയോഗിച്ചു. സ്റ്റാറ്റിക് സർവയെലൻസ് ടീം ഒഴികെയുള്ളവ പ്രഖ്യാപനം വന്നയുടൻ സജീവമാണ്. സ്റ്റാറ്റിക് സർവയെലൻസ് ടീം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന 28 മുതൽ പ്രവർത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന 78 സ്‌ക്വാഡുണ്ട്. പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ (ടോൾ ഫ്രീ നമ്പർ1950) അറിയിക്കാം. സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരാതിപ്പെടാം. ആപ്പ് പ്ലേ സ്റ്റോർ, ആപ്പിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

കൊടി, തോരണങ്ങൾ നീക്കണം

സർക്കാർ സ്ഥാപനങ്ങളിലും പരിസരങ്ങളിലും അനധികൃതമായി സ്ഥാപിച്ച കൊടി, തോരണങ്ങളും പോസ്റ്ററും മറ്റും 24 മണിക്കൂറിനകം നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾക്കും തദ്ദേശ സ്വയംഭരണ മേധാവികൾക്കും നിർദ്ദേശം നൽകി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റ്, സർക്കാർ ബസ് മുതലായവയിൽ അനധികൃതമായി സ്ഥാപിച്ച കൊടി, തോരണങ്ങളും പോസ്റ്ററുകളും 48 മണിക്കൂറിനകം നീക്കണം. നിയമപരമല്ലാതെ സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ചവ 72 മണിക്കൂറിനകമാണ് നീക്കേണ്ടത്.