പാവറട്ടി: കണ്ണൂർ സർവകലാശാലയിലെ പ്രൊഫ. എ.അയ്യപ്പൻ ചെയറിന്റെ ആഭിമുഖ്യത്തിൽ എൻഡോവ്‌മെന്റ് ലക്ചറും അവാർഡ് ദാനവും ത്രിദിന ദേശീയ സെമിനാറും 19, 20, 21 തീയതികളിൽ നടക്കും. കേരളത്തിലെ ആദ്യ നരവംശ ശാസ്ത്രജ്ഞനും കേരള സർവകലാശാല വൈസ് ചാൻസലറുമായിരുന്നു പാവറട്ടി സ്വദേശി പ്രൊഫ. ഡോ.എ.അയ്യപ്പൻ. സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ വികസനത്തിൽ നരവംശശാസ്ത്രത്തിന്റെ ഉപയോഗം എന്ന വിഷയത്തിലാണ് ത്രിദിന സെമിനാർ. ഒഡീഷ സർക്കാരിന്റെ പട്ടിക ജാതി പട്ടിക വർഗ ഗവേഷണ പരിശീലന സ്ഥാപനത്തിന്റെ മുൻ ഡയറക്ടർ പ്രൊഫ. പ്രേമാനന്ദ പാണ്ട സെമിനാർ ഉദ്ഘടനം ചെയ്യും. സമ്പൽപ്പൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പ് മുൻ മേധാവിയും പ്രൊഫ.എ.അയ്യപ്പന്റെ വിദ്യാർത്ഥിയുമായിരുന്ന പ്രൊഫ. സത്യനാരായണ രാത്ത, പ്രൊഫ. പ്രേമാനന്ദ പാണ്ട, കാലടി സംസ്‌കൃത സർവകലാശാല ബുദ്ധിസ്റ്റ് സ്റ്റഡീസ് കോർഡിനേറ്റർ ഡോ. അജയ് എസ്. ശേഖർ എന്നിവർ എൻഡോവ്‌മെന്റ് ലക്ച്ചറുകൾ ചെയ്യും. കണ്ണൂർ സർവ്വകലാശാല 2023 ലെ എം.എ. നരവംശശാസ്ത്ര പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫ. എ.അയ്യപ്പൻ എൻഡോവ്‌മെന്റ് അവാർഡുകൾ നൽകും. സിണ്ടിക്കേറ്റ് മെമ്പർ കെ.വി.പ്രമോദ് കുമാർ, സർവകാശാല റിസർച്ച് ഡയറക്ടർ പ്രൊഫ. കെ.അനൂപ് കുമാർ തുങ്ങിയവർ പങ്കെടുക്കും.സർവകലാശാല രജിസ്ട്രാർ ഡോ. ജോബി കെ.ജോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.