nda

തൃശൂർ : പരസ്പരം പടവെട്ടുന്ന മുരളീധരനും സുനിൽകുമാറും തിരഞ്ഞെടുപ്പിന് ശേഷമുള്ള തങ്ങളുടെ നേതാവ് ആരാണെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. എൻ.ഡി.എ തൃശൂർ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയിച്ചു പോയപ്പോഴും അധികാരത്തിലിരുന്ന കാലത്തും തൃശൂരിന്റെ വികസനത്തിനായി ഒന്നും ചെയ്യാൻ തയ്യാറാകാത്തവർ ഇപ്പോൾ വോട്ടുചോദിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. കൃഷിമന്ത്രിയായിരുന്ന സുനിൽകുമാർ തൃശൂരിലെ കർഷകർക്കായി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുമില്ലാതായ പാർട്ടിയാണ് സി.പി.ഐ. സുരേഷ് ഗോപിയെ ആശയപരമായി നേരിടുന്നതിന് പകരം വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു. എൻ.ഡി.എ ജില്ലാ ചെയർമാൻ അഡ്വ.കെ.കെ.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ, ഷംസുദ്ദീൻ, എം.ബി.രാജീവ്, രതീഷ് നായർ, എസ്.പി.നായർ, റോഷ് കുമാർ, റൈജോ മംഗലത്ത്, ബിജോയ് തോമസ് എന്നിവരും സംസാരിച്ചു. കേരളവർമ്മ കോളേജ് സ്റ്റോപ്പിലാണ് ഓഫീസ്.