kiyosak
ഗോതുരുത്തിലെ വാട്ടർ കിയോസ്‌കിന്റെ ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: ഉപ്പ് വെള്ള ഭീഷണി നേരിടുന്ന ശ്രീനാരായണപുരം പഞ്ചായത്തിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം ലക്ഷ്യമിട്ട് ആല ഗോതുരുത്തിൽ ആറാമത്തെ വാട്ടർ കിയോസ്‌ക് സ്ഥാപിച്ചു. 2023-24 വാർഷിക പദ്ധതിയിലുപ്പെടുത്തി അഞ്ച് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന 150 ലേറെ കുടുംബങ്ങൾ താമസിക്കുന്ന ചുറ്റും ഉപ്പ് ജലസാന്നിദ്ധ്യമുള്ള പ്രദേശത്ത് നടപ്പാക്കിയ പദ്ധതി ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യും. പാചകത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും ഈ വെള്ളം പ്രയോജനപ്പെടും.
വാട്ടർ കിയോസ്‌കിന്റെ ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. ഷീജ ബാബു, മിനി ഷാജി, സജിത പ്രദീപ്, രാജു പടിക്കൽ, ജീജ, എം.എസ്. ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു.

കിണർ വെള്ളം ശുദ്ധീകരിച്ച് നൽകും

കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് നൽകുന്ന പുതിയ പ്രദേശിക കുടിവെള്ള പദ്ധതി മതിലകം ബ്ലോക്ക് പഞ്ചായത്തും ശ്രീനാരായണപുരം പഞ്ചായത്തും സംയുക്തമായാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ തുടർ പരിപാലനവും വൈദ്യുതി ചാർജും പഞ്ചായത്താണ് വഹിക്കുക. ആല ഗോതുരുത്ത് എൽ.പി സ്‌കൂൾ മാനേജ്‌മെന്റാണ് കിയോസ്‌ക് സ്ഥാപിക്കാൻ സ്ഥലം അനുവദിച്ചത്.