പാവറട്ടി: ബസ് കാത്തിരിക്കാൻ 'തണൽ' ഒരുക്കി എളവള്ളി പഞ്ചായത്ത്.'തണൽ' എന്ന പേരിൽ മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പഞ്ചായത്ത് നിർമ്മിച്ചത്. ചിറ്റാട്ടുകര പോൾ മാസ്റ്റർപടി, പറയ്ക്കാട് മണ്ണാംപാറ, കടവല്ലൂർ പാലം എന്നിവിടങ്ങളിലാണ് 4.5 ലക്ഷം രൂപ ജനകീയാസൂത്രണ പദ്ധതിയിൽ വകയിരുത്തി കാത്തിരിപ്പ് കേന്ദ്രങ്ങൾ പൂർത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് അധികാരികളുടെ അനുമതിപത്രം വാങ്ങിയ ശേഷമാണ് പഞ്ചായത്ത് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചത്. ബസ് യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും കാത്തിരിപ്പ് കേന്ദ്രത്തിലുണ്ട്. 1,3,5 എന്നീ വാർഡുകളിൽ നടന്ന ഗ്രാമസഭകളിലെ തീരുമാനപ്രകാരമാണ് പഞ്ചായത്ത് ഭരണസമിതി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ. നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ.ഡി.വിഷ്ണു, എൻ.ബി.ജയ, ശ്രീബിത ഷാജി എന്നിവർ പ്രസംഗിച്ചു.