1

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ തൃശൂർ ലോക്‌സഭാ മണ്ഡത്തിൽ പ്രചാരണച്ചൂട് കടുക്കുകയാണ്. തുടക്കത്തിലേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അതിവേഗം മുന്നിലെത്തിയ എൽ.ഡി.എഫിന്റെ പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദുവാണ്. ഇരിങ്ങാലക്കുടയിൽ മാത്രമല്ല, മറ്റിടങ്ങളിലും പ്രചാരവേദികളിൽ രാവും പകലും മന്ത്രിയുടെ സാന്നിദ്ധ്യമുണ്ട്. പ്രചാരണത്തിരക്കിനിടെ,സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ഡോ.ആർ.ബിന്ദു കേരളകൗമുദിയുമായി പങ്കുവെയ്ക്കുന്നു.

ഈ തിരഞ്ഞെടുപ്പ് എൽ.ഡി.എഫിന് ഏറെ അനുകൂലമാണെന്ന ഉറച്ച ആത്മവിശ്വാസത്തിന് അടിസ്ഥാനം?

ഇന്ത്യ ജനാധിപത്യ രാജ്യമാകണോ അതോ മതാധിപത്യരാജ്യമായി അപചയപ്പെട്ടുപോകണോ എന്ന് നിർണ്ണയിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേയാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തെ നിർവചിക്കുന്ന രാജ്യമായി ഇന്ത്യ അധ:പതിക്കുമ്പോൾ നിർണ്ണായകമാകുന്നത് ഇടതുപക്ഷ നിലപാടാണ്. ജനാധിപത്യത്തിന് പരിക്കേൽക്കുമ്പോൾ ഇടതുബ്‌ളോക്കാണ് എക്കാലത്തും പ്രതിരോധിച്ചത്. ബി.ജെ.പി - ആർ.എസ്.എസ് വർഗീയ ഏകപക്ഷീയ നീക്കങ്ങളെ ചെറുക്കുന്നത് ഇടതുപക്ഷമാണ്. രാജ്യത്തെ വലിയൊരു വിഭാഗം സാധാരണക്കാരെയും തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നത് ഇടതുപക്ഷമാണ്. അത് ജനങ്ങൾക്കറിയാം.

ഇലക്ടറൽ ബോണ്ട് വിഷയവും ഇടതുപക്ഷത്തിന് തുണയാകുമോ ?

ഇലക്ടറൽ ബോണ്ടിലെ പണം കൊണ്ട് ജനാധിപത്യത്തെ വിലയ്‌ക്കെടുക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണ്. ഇലക്ടറൽ ബോണ്ട് വഴി അഴിമതി പുറത്തുവന്നപ്പോൾ ധിക്കാരപരമായ പ്രഖ്യാപനങ്ങളിലൂടെ മറയിടാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. അവിഹിത ധനസമാഹരണം നടത്തിയതിന്റെ തെളിവാണ് ബോണ്ടുകൾ. ഭരണത്തിലിരിക്കുമ്പോൾ ലാഭക്കൊതിയന്മാരായ വ്യവസായ സ്ഥാപനങ്ങളെ സഹായിച്ചതിന്റെ പ്രത്യുപകാരമാണ് അവർ നൽകുന്നത്. ഇതിനെതിരെ സി.പി.എമ്മാണ് പോരാടിയത്. ബോണ്ടുകൾ വേണ്ട എന്ന അതിശക്തമായ തീരുമാനം ഇടതുപക്ഷം എടുത്തു.

തൃശൂരിൽ എൽ.ഡി.എഫിന്റെ അനുകൂല ഘടകങ്ങൾ?

തൃശൂരുകാർ എക്കാലത്തും മതനിരപേക്ഷത ചേർത്തുപിടിക്കുന്നവരാണ്. ക്രൈസ്തവരും മുസ്‌ളീങ്ങളും ഹിന്ദുക്കളുമെല്ലാം ചേർന്ന സാമുദായിക ഐക്യം ഇവിടെയുണ്ട്. ഇടതുപക്ഷത്തിന് നല്ല അടിത്തറയുള്ള മണ്ണാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ മനസിലാകും. തൃശൂരിലെ സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ ജനങ്ങൾക്കിടയിലുള്ള നേതാവാണ്. സാധാരണക്കാരനുമായി ഇടപഴകി വളർന്നയാളാണ്. ജനപ്രിയനും അനുഭവസമ്പന്നനുമാണ്. വ്യക്തിപരമായി പറയാറില്ലെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥിയെപ്പറ്റി പറയാതിരിക്കാനാവില്ല. ജന്മിത്തത്തിന്റെ അവശിഷ്ടങ്ങൾ പേറുകയും ജനങ്ങളെല്ലാം പ്രജകളാണെന്ന് ധരിക്കുകയും ഫ്യൂഡൽ ഉച്ചനീചത്വങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്നയാളെ ജനം സ്വീകരിക്കുമോ?. യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കാനായി വന്നയാളാണെന്ന് സ്വയം പ്രചരിപ്പിക്കുകയാണ്. മുൻപ് നിയോഗിക്കപ്പെട്ട സ്ഥാനാർത്ഥി സ്വന്തം പേര് മായ്ച്ചുകളഞ്ഞാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നെയുണ്ടായ നാടകങ്ങൾ കണ്ടതാണല്ലോ?. സ്ഥാനാർത്ഥിയുടെ സഹോദരി ബി.ജെ.പിയിലേക്ക് പോയതിനെക്കുറിച്ചും കൂടുതൽ പറയുന്നില്ല.

ഇനിയുള്ള പ്രചാരണം എങ്ങനെയാകും?

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാൽ അതിവേഗം പ്രചാരണം തുടരും. മറ്റ് പാർട്ടികളിൽ സ്ഥാനാർത്ഥി വരുമ്പോഴാണ് പ്രചാരണം തുടങ്ങുന്നത്. എന്നാൽ ഇടതുസംഘടനകളിൽ അതിനുമുൻപേ പ്രചാരണം തുടങ്ങിയിരിക്കും. ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥിയായി മാറുന്നത് പ്രവർത്തകരാണ്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ അടക്കം ചെറിയ ഗ്രാമങ്ങളിൽ പോലും സ്ഥാനാർത്ഥി എത്തിക്കഴിഞ്ഞു. സംഘടനാപ്രവർത്തനം വളരെ ശക്തമായി മുന്നോട്ടുപോകുകയാണ്.