ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിനുള്ള കൈപ്പന്തങ്ങൾ ഒരുങ്ങി. രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട് മുപ്പന്തങ്ങളും 18 ആറ് നാഴി പന്തങ്ങളുമാണ് ആദ്യഘട്ടത്തിൽ മുല്ലമൊട്ടിന്റെ ആകൃതിയിൽ ചുറ്റി തയ്യാറാക്കിയിട്ടുള്ളത്. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറയ്ക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം തെളിക്കും. ശാസ്താവ് എഴുന്നള്ളുമ്പോൾ തിരുമുമ്പിൽ ഒറ്റപ്പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും ആറ് നാഴി പന്തങ്ങളുമാണ് പിടിക്കുക. ഓടിൽ തീർത്ത പന്തത്തിന്റെ നാഴികൾ ഓരോ വർഷവും മിനുക്കും. മനോഹരമായി പന്തങ്ങൾ ചുറ്റുന്നതിനായി ഒരു നാഴിക്ക് അരക്കിലോ തുണി വേണ്ടിവരും. ഇതിനായി തിരുപ്പൂരിൽ നിന്ന് ഇരുന്നൂറ് കിലോ തുണി കൊണ്ടുവന്നിട്ടുണ്ട്. വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തിൽ കുട്ടൻ, ശശി, കുട്ടപ്പൻ എന്നിവരാണ് കൈപ്പന്തങ്ങൾ ഒരുക്കിയത്.