1

തൃശൂർ: 'വോട്ട് ചെയ്യൂ, വി.ഐ.പി ആകൂ' സമ്മതിദായക ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്രു യുവകേന്ദ്രയുടെയും നേതൃത്വത്തിൽ കളക്ടറേറ്റിൽ സംഘടിപ്പിച്ച സമ്മതിദായക ബോധവത്കരണ ഓട്ടൻ തുള്ളൽ കളക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനും ഫോക്‌ലോർ അക്കാഡമി പുരസ്‌കാര ജേതാവുമായ രാജീവ് വെങ്കിടങ്ങാണ് 'വി.ഐ.പി ചരിതം' എന്ന പേരിൽ ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത്. വോട്ടർ പട്ടികയിൽ എങ്ങനെ പേരു ചേർക്കാം, അപേക്ഷകളും ആക്ഷേപങ്ങളും എവിടെ സമർപ്പിക്കാം, പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിഷൻ ഹെൽപ്പ് ലൈൻ നമ്പർ, വെബ് സൈറ്റ് വിലാസം തുടങ്ങിയ വിശദാംശങ്ങളാണ് ഓട്ടൻ തുള്ളലിൽ ഉൾക്കൊള്ളിച്ചത്. വിശദാംശങ്ങളെ ഹാസ്യാത്മകമായും സരസമായും 20 മിനിട്ടിൽ അവതരിപ്പിച്ചുകൊണ്ടുള്ള ബോധവത്കരണമാണ് ഓട്ടൻ തുള്ളലിലൂടെ ലക്ഷ്യമാക്കിയത്. ഗവ. ലോ കോളേജിലും വിമല കോളേജിലും ഓട്ടൻതുള്ളൽ അരങ്ങേറി.