1

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ തോക്ക്, കുന്തം, വാൾ തുടങ്ങിയ ആയുധങ്ങൾ സൂക്ഷിക്കുന്നതിനും കൊണ്ടുനടക്കുന്നതിനും നിരോധനം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്. മാർച്ച് 16 മുതൽ പ്രാബല്യത്തിലായ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി 188 പ്രകാരം ശിക്ഷാ നടപടി സ്വീകരിക്കും.

ലൈസൻസുള്ളവർ പ്രസ്തുത കാലയളവിൽ ആയുധങ്ങൾ സറണ്ടർ ചെയ്തിട്ടുണ്ടോയെന്ന് ജില്ലാ നിരീക്ഷണസമിതി പരിശോധിച്ച് ക്രമസമാധാന നില പാലിച്ച് സുരക്ഷിതവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കും.

നാഷണൽ റൈഫിൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കായികതാരങ്ങളെയും ആചാരപരമായി ആയുധങ്ങൾ കൈവശം വയ്ക്കുന്നവരെയും ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന പ്രവൃത്തി എന്തെങ്കിലുമുണ്ടായാൽ പൊലീസിന് ഇവരുടെയും ആയുധങ്ങൾ പിടിച്ചെടുക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.