
തൃശൂർ: 'ഇന്ത്യ" സഖ്യത്തിന്റെ പ്രതീക്ഷകളെ ആശങ്കയിലാക്കുന്ന ദൂരക്കാഴ്ചയില്ലാത്ത സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ശക്തമായ മുന്നേറ്റം നടത്തേണ്ട കോൺഗ്രസ് വീട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ല. അതിനെതിരെയുള്ള പ്രതികരണമായാണ് രാഹുലിന്റെ ന്യായ് യാത്രയുടെ സമാപനത്തിൽ സി.പി.ഐ വിട്ടുനിന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനെതിരെ മത്സരിക്കാൻ വയനാട്ടിൽ വന്നതുൾപ്പെടെ ദൂരക്കാഴ്ചയില്ലായ്മയുടെ തെളിവാണ്. പൈതൃകം മറന്നാണ് കോൺഗ്രസ് കേരളത്തിൽ പ്രവർത്തിക്കുന്നത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം വീണ്ടെടുത്ത് ഓരോ പൗരനും 15 ലക്ഷം രൂപ അക്കൗണ്ടിൽ നൽകുമെന്ന് പറഞ്ഞ 'മോദി ഗാരന്റി" എസ്.ബി.ഐയിലൂടെ കള്ളപ്പണം വെളുപ്പിച്ച് ഇലക്ടറൽ ബോണ്ടായി ബി.ജെ.പി അക്കൗണ്ടിലെത്തിച്ചു. മോദി വെറും വാഗ്ദാന കച്ചവടക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.രാജൻ സി.പി.ഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.