കുന്നംകുളം: കടവല്ലൂർ പാടത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളുന്നു. പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനെത്തുടർന്ന് കർഷകർ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഇവിടെ വൻ തോതിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ആഴ്ചയിൽ മൂന്നോ നാലോ തവണ വലിയ ലോറികളിൽ മാലിന്യം നെൽവയലുകളിലും തോടുകളിലും തള്ളുകയാണെന്ന് കർഷകർ പറയുന്നു. പരാതി നൽകിപ്പോൾ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണാമെന്ന് കളക്ടർ ഉറപ്പുനൽകിയിരുന്നതായി കർഷകർ പറയുന്നു. മൂന്ന് ആഴ്ച പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടയിൽതന്നെ ഒട്ടേറെത്തവണ പാടത്ത് മാലിന്യം തള്ളിയിരുന്നു. മലപ്പുറം ജില്ലയിൽ നിന്നാണ് മാലിന്യം കൊണ്ടുവരുന്നതെന്നാണ് പ്രഥമിക നിഗമനം. സെപ്റ്റിക്ക് ടാങ്ക് ശുചീകരിക്കുന്നതിനു കരാർ ഏറ്റെടുത്ത ഏജൻസികളാണ് ഇതിന്റെ പിന്നിലെന്ന് ആരോപണമുണ്ട്. വലിയ സ്വാധീനമുള്ളതിനാൽ ഇവർക്കെതിരെ നടപടിക്ക് അധികൃതർ മടിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു.
നെൽക്കൃഷി ഭീഷണിയിൽ
രാസവസ്തു ചേർത്ത കക്കൂസ് മാലിന്യം നെൽക്കൃഷിക്ക് കടുത്ത ഭീഷണിയാണ്. തുടർച്ചയായുള്ള മാലിന്യം തള്ളലാണ് നെൽക്കൃഷി വിളവിൽ ഇത്തവണയുണ്ടായ കുറവിന് പ്രധാന കാരണമെന്ന് കർഷകർ പറയുന്നു. കക്കൂസ് മാലിന്യം കലർന്ന വെള്ളം നെൽവയലിൽ എത്തുന്നതോടെ നെല്ലിന്റെ നിറത്തിലും മാറ്റം സംഭവിച്ചു. കടവല്ലൂർ പാടത്തെ തോട്ടിൽ അവശേഷിക്കുന്ന വെള്ളം മാലിന്യം കലർന്നു കറുപ്പു നിറത്തിലുള്ളതാണ്. ഈ അവസ്ഥ തുടർന്നാൽ കടവല്ലൂർ പാടത്തിന്റെ ജൈവ വ്യവസ്ഥ താളം തെറ്റുമെന്ന ആശങ്കയിലാണ് കർഷകർ.