തൃപ്രയാർ: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ ചാല് കീറിയത് തൃപ്രയാർ തേവരുടെ യാത്ര തടസപ്പെടുത്തുമെന്ന് ആശങ്ക. ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായി തൃപ്രയാർ തേവരുടെ നാളത്തെ വലപ്പാട് കോതകുളത്തിലെ ആറാട്ട് മുടങ്ങുമെന്നാണ് ആശങ്ക. ഹൈസ്‌ക്കൂൾ ഗ്രൗണ്ട് വഴിയെത്തുന്ന തേവർ ആദ്യം വെന്നിക്കൽ ക്ഷേത്രത്തിൽ പറയെടുത്ത ശേഷമാണ് കോതകുളത്തെത്തുക. ദേശീയപാത 66 നിർമ്മാണത്തിന്റെ ഭാഗമായി വെന്നിക്കൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ആഴത്തിൽ ചാല് കോരിയതാണ് തേവരുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നത്. ഇന്നലെ രാവിലെയാണ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ആഴത്തിൽ ചാല് കീറിയത്. റോഡ് അടയ്ക്കുകയും ചെയ്തു. ഇതുമൂലം ആനയ്ക്ക് അതുവഴി കടക്കാൻ കഴിയാതാകും. പ്രസിദ്ധമായ ചാലുകുത്തൽ ചടങ്ങിനും ഇത് പ്രശ്‌നം സൃഷ്ടിക്കും. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതരും നാട്ടുകാരും നിർമ്മാണ പ്രവർത്തനം നടത്തുന്ന ശിവാലയ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ എ.ഡി.എമ്മിനെ ബന്ധപ്പെട്ട് വിഷയത്തിൽ തേവരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.