കൊടുങ്ങല്ലൂർ: തീരദേശ ഹൈവേയുടെ കാര പുതിയറോഡ് മുതൽ അഴീക്കോട് വരെയുള്ള നാലര കിലോമീറ്റർ ദൂരത്തെ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ചേർന്ന് ഏപ്രിൽ ഒന്നു മുതൽ പ്രത്യക്ഷ സമരം ആരംഭിക്കും. സ്ഥിരം സമരപ്പന്തലും നിർമ്മിക്കും. അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതി, മഹല്ല് ഏകോപന സമിതി, അഴീക്കോട്, എറിയാട് വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റുകൾ, വിവിധ ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ തുടങ്ങി നിരവിധ മേഖലയിൽ നിന്നുള്ളവരാണ് സമരരംഗത്തുള്ളത്.
സമര പരിപാടികളുമായി ഭാഗമായി സാമൂഹിക പ്രത്യാഘാത പൊതുഹിയറിംഗ് നടന്ന വേക്കോട് ഗവ. എൽ.പി സ്‌കൂളിലേക്ക് ഇന്നലെ വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതി, മഹല്ല് ഏകോപന സമിതി, അഴീക്കോട്, എറിയാട് വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റുകൾ, വിവിധ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകളാണ് സാമൂഹിക പ്രത്യാഘാത പൊതു ഹിയറിംഗ് നടന്ന വേക്കോട് ഗവ. എൽ.പി സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. അതേസമയം ഇതേവിഷയം ഉന്നയിച്ച് കോൺഗ്രസും സമരത്തിന് ഒരുങ്ങുകയാണ്. സ്ഥലം എം.എൽ.എക്കെതിരെ ജനവികാരം തിരിച്ചുവിടാനാണ് കോൺഗ്രസ് നീക്കം. വലപ്പാട്, തൃപ്രയാർ പ്രദേശങ്ങളിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയതായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
നിരവധി കുടുംബങ്ങൾ പെരുവഴിയിലാകും
നിലവിലെ അലൈൻമെന്റ് പ്രകാരം പാത കടന്നുപോകുമ്പോൾ റോഡിന്റെ ഇരുഭാഗത്തുമുള്ള ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, പാർപ്പിടങ്ങൾ, വ്യാപാര സമുച്ചയങ്ങൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർക്കപ്പെടുകയും ഒട്ടനവധി വ്യാപാരികളും കുടുംബങ്ങളും പെരുവഴിയിലാകുകയും ചെയ്യും. ശാസ്ത്രീയമായി അലൈൻമെന്റ് കാര പുതിയറോഡ് വരെ ജില്ലയുടെ അതിർത്തിയിൽ നിന്ന് എത്തിച്ചേരുന്ന അതേ മാർഗത്തിലൂടെ കടന്ന് പോയാൽ ഈ പ്രദേശങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.