protest
പോട്ട ആശ്രമം ജംഗ്ഷനിൽ സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധം

ചാലക്കുടി: പോട്ട സർവീസ് റോഡിൽ ആക്ടീവ സ്‌കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് മോതിരക്കണ്ണി മാളിയേക്കൽ റീന മരിച്ചതിന് പിന്നാലെ നഗരസഭ ഭരണസമിതിയുടെ അലംഭാവമാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. ഈ റോഡിന് വീതികുറവായതിനാലാണ് അപകടസാദ്ധ്യത കൂട്ടുന്നത്. ഇടുക്കൂട് റോഡിൽ നിന്നും പോട്ട ഭാഗത്തേയ്ക്ക് പോയിരുന്ന പിക്കപ്പ് വാനാണ് അമിത വേഗത്തിലെത്തി സ്‌കൂട്ടറിലിടിച്ചത്. സ്‌കൂട്ടർ നിറുത്തിയെങ്കിലും പിക്കപ്പ് വന്നിടിക്കുകയായിരുന്നു. അനുവദനീയമല്ലാത്ത ദിശയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് നിരന്തരം അപകട മേഖലയാക്കി മാറ്റുന്നുണ്ട്. ഇരു ദിശയിലേക്കുമുള്ള ചെറു വാഹനങ്ങളും സ്വകാര്യ ബസുകളും കെ.എസ്.ആർ.‌ടി.സി ബസും ഇടുക്കൂട് പലം-കവല-സർവീസ് റോഡ് വഴിയാണ് പോകുന്ന്. നിരന്തരമായ പ്രതിഷേധങ്ങൾക്ക് ശേഷം എട്ടുമാസം മുൻപ് റോഡിന് വീതി കൂട്ടാനുള്ള നടപടി നഗരസഭ ആരംഭിച്ചിരുന്നു. ആദ്യഘട്ടമായി സ്വകാര്യ വ്യക്തികളുടെ മതിൽ പൊളിച്ചുമാറ്റൽ പോലുള്ള പണിയാരംഭിച്ചിരുന്നു. എന്നാൽ മരം മുറിക്കാനുള്ള അനുമതി ലഭിക്കാത്തതോടെ മുടങ്ങി. എന്നാൽ നിർമ്മാണം ആദ്യഘട്ടത്തിൽ നടത്തിയ ഭാഗത്ത് ടാർ ചെയ്ത് റോഡ് നിരപ്പാക്കിയാൽ ഒരു പരിധി വരെ അപക‌ടം കുറയ്ക്കാമെന്ന് നാട്ടുകാ‌ർ പറയുന്നു. നാലുമാസം മുൻപ് ഈ ഭാഗത്ത് ബൈക്ക് അപകടത്തിൽ രണ്ടുപേ‌ർ മരിച്ചിരുന്നു. കൂടാതെ ദിവസംതോറും നിരവധി വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. അപകടങ്ങൾ തുട‌ർക്കഥയായപ്പോൾ ഗതാതപരിഷ്ക്കാരത്തിന് പൊലീസ് മുന്നിട്ടിറങ്ങി. എന്നാൽ ഇത് പ്രാവർത്തികമായില്ല. ഇന്നലെയുണ്ടായ അപകടമരണത്തെത്തുടർന്ന് സി.പി.എം നടത്തിയ ചർച്ചയിൽ അടുത്ത ദിവസം മുതല്‍ റോഡില്‍ വണ്‍വെ ഏര്‍പ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


ഉപരോധ സമരവുമായി സി.പി.എം

നഗരസഭ ഭരണസമിതിയുടെ അലംഭവമാണെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ രാത്രിയില്‍ റോഡ് ഉപരോധവും പ്രകടനവും നടത്തി. സര്‍വീസ് റോഡ് വീതി കൂട്ടുംവരെ ഇതിലൂടെ വണ്‍വെ സമ്പ്രദായം നടപ്പാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. സമരക്കാരുമായി പൊലീസ് പിന്നീട് ചര്‍ച്ച നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്.അശോകന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എം.എന്‍.ശശിധരന്‍, പി.എസ്.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.