a

തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി അനുഗ്രഹം തേടി വരേണ്ടതില്ലെന്ന മകന്റെ കുറിപ്പ് വിവാദമായതിന് പിന്നാലെ, ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി മന്ത്രി കെ.രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. സമൂഹമാദ്ധ്യമത്തിൽ വീഡിയോ ആയാണ് വോട്ടഭ്യർത്ഥന. ഇതിന് കാരണമുണ്ടെന്ന് കൂടി പറഞ്ഞ് വിവാദത്തിന് പരോക്ഷ മറുപടിയും നൽകുന്നുണ്ട്.
തന്റെ എക്കാലത്തെയും സുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് കെ.രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിക്കുന്നത്. 'ആലത്തൂർ ജനങ്ങൾക്കറിയാം കെ.രാധാകൃഷ്ണന്റെ ജനസേവനത്തെ കുറിച്ച്. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവർത്തനങ്ങളിലും ഒപ്പം നിന്ന വ്യക്തിയാണ്. ചേലക്കരയിൽ നിന്നും വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. അന്ന് താൻ കലാമണ്ഡലത്തിൽ അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനവും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെ കുറിച്ചും ബോദ്ധ്യമുള്ളതുകൊണ്ടാണ് വ്യക്തിപരമായി വോട്ടഭ്യർത്ഥിക്കുന്ന'തെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.