driving

തൃശൂർ: ഡ്രൈവിംഗ് സ്‌കൂൾ ഉടമകളെയും തൊഴിലാളികളെയും വഴിയാധാരമാക്കി കുത്തകകൾക്ക് വഴിയൊരുക്കുന്ന ഗതാഗത വകുപ്പിന്റെ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് സമിതി കളക്ടറേറ്റ് മാർച്ചും ധർണയും ഇന്ന്. രാവിലെ പത്തിന് അയ്യന്തോൾ ചുങ്കത്ത് നിന്ന് മാർച്ച് ആരംഭിക്കും. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് വിജയ് ഹരി ധർണ ഉദ്ഘാടനം ചെയ്യും. സർക്കുലർ പ്രകാരമുള്ള പരിഷ്‌കാരങ്ങൾ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾക്കും ഡ്രൈവിംഗ് പഠിക്കാനെത്തുന്നവർക്കും സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കും. ആറായിരത്തോളം സ്ഥാപനങ്ങൾ പൂട്ടേണ്ടിവരും. ലക്ഷക്കണക്കിന് പേരുടെ തൊഴിൽ നഷ്ടപ്പെടുത്തും. കേന്ദ്രനിയമങ്ങൾക്ക് വിരുദ്ധമായ സർക്കുലർ കുത്തകകൾക്ക് അവസരമൊരുക്കുകയാണെന്നും ജില്ലാ സെക്രട്ടറി എം.വി.സുരേഷ്, എം.എൻ.പ്രവീൺ, ചന്ദ്രൻ മമ്മിയൂർ, കെ.ജെ.സേവ്യർ, പി.സി.തോമസ് എന്നിവർ പറഞ്ഞു.