taar


കുന്നംകുളം: നിർമ്മാണഅപാകത മൂലം നാലു മാസം മുൻപ് നവീകരിച്ച കുന്നംകുളം - ചാവക്കാട് റോഡിലെ ഇ.എം.എസ് ഷോപ്പിംഗ് കോംപ്ലക്‌സിനു മുൻവശത്തെ റോഡ് തകർന്നു. തകർന്ന റോഡിന്റെ ഭാഗങ്ങൾ നിർമ്മാണത്തൊഴിലാളികൾ കൈകൊണ്ട് ടാർ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ. ഗുരുവായൂർ റോഡാണ് 5 മീറ്ററോളം നീളത്തിലും 2 മീറ്റർ വീതിയിലും തകർന്നിട്ടുള്ളത്.

നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാനുള്ള പ്രധാന കാരണമെന്നാണ് വ്യാപാരികളുടെയും ഡ്രൈവർമാരുടെയും ആരോപണം. പണി കഴിഞ്ഞ ഒരാഴ്ചയ്ക്കകം ഈ റോഡിലെ ആർത്താറ്റ് ഭാഗം തകർന്നിരുന്നു. റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായും അതിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും ആക്ഷേപമുണ്ട്. അതേസമയം പണി കഴിഞ്ഞ റോഡ്‌ സെറ്റാവുന്നതിനു മുൻപ് വാഹനങ്ങൾ പോകുന്നതാണ് തകരാനുള്ള കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ഭാരം കൂടിയ വാഹനങ്ങൾ പണി കഴിഞ്ഞയുടൻ പോകുന്നതിനാൽ സമ്മർദം കാരണം ടാർ ചെയ്ത ഭാഗം തെന്നിപ്പോകുന്നുവെന്നാണ് മരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ നാല് മാസം കഴിഞ്ഞിട്ടും ടാർ സെറ്റാകാത്തത് എന്താണെന്നാണ് നാട്ടുകാരുടെ സംശയം. കോടികൾ ചെലവഴിച്ച് നവീകരിച്ച റോഡ് മാസങ്ങൾക്കകം തകരാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കും വിജിലൻസിനും പരാതി നൽകാനും നാട്ടുകാർ ഒരുങ്ങുന്നുണ്ട്.

നാല് മാസങ്ങൾക്കകം രണ്ട് സ്ഥലത്ത് തകർന്ന റോഡ് മഴ ശക്തമായാൽ പൂർണമായും തകരും, ഇതോടെ റോഡിലൂടെ യാത്ര കൂടുതൽ ദുഷ്കരമാകും.

- പ്രദേശവാസികൾ