pulliman

പുതുക്കാട്: ദേശീയ പാതയിൽ കുറുമാലിയിൽ ബസിടിച്ച് പരിക്കേറ്റ പുള്ളിമാൻ ചത്തു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ദേശീയ പാതയിലേക്ക് ഓടിക്കയറിയ മാനിനെ ബസിടിച്ചത്. ഉടനെ യാത്രക്കാർ മാനിനെ പാതയോരത്തേക്ക് മാറ്റി കിടത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽ നിന്നും പാലപ്പിള്ളിയിൽ നിന്നും വനപാലകരെത്തി. പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രേം ഷമീറിന്റെ നിർദ്ദേശ പ്രകാരം മാനിനെ മണ്ണുത്തി വെറ്ററിനറി കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ഉച്ചയോടെ മാൻ ചത്തു. ഒന്നര വയസോളം പ്രായമുള്ള ആൺമാൻ കുട്ടിയാണ്. കുറുമാലിയിൽ മാൻ കുട്ടി എങ്ങനെയെത്തിയെന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വനപാലകർ അറിയിച്ചു.