തൃശൂർ: കോൺഗ്രസ് ധാരണപ്രകാരം കോർപറേഷൻ നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജയിംസ്, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ. ഗോപകുമാർ എന്നിവർ രാജിവച്ചു. ഡി.സി.സി തീരുമാന പ്രകാരമാണ് മൂന്നു പേരും കോർപറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.
ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ കോർപറേഷൻ ഭരിക്കുന്ന എൽ.ഡി.എഫിന് മൂന്നു പ്രധാന സ്റ്റാൻഡിംഗ് കമ്മിറ്റികൾ പ്രതിപക്ഷത്തിനു നൽകേണ്ട സ്ഥിതിയാണ്. മൂന്നു ചെയർമാൻ സ്ഥാനത്തേക്ക് എട്ടോളം പേർ രംഗത്തുള്ളതായി അറിയുന്നു. ശ്യാമള മുരളീധരൻ, മുകേഷ് കൂളപറമ്പിൽ, ജയപ്രകാശ് പൂവത്തിങ്കൽ എന്നിവർക്കാണ് കൂടുതൽ സാദ്ധ്യത.
കെ. രാമനാഥൻ, വിനീഷ് തയ്യിൽ, സുനിൽ രാജ് ഉൾപ്പെടെയുള്ളവർ അണിയറ നീക്കം നടത്തുന്നുണ്ട്. നേരത്തെ നിലവിലുള്ളവർ രാജി വയ്ക്കാത്തത്തിൽ മുകേഷ്, ജയപ്രകാശ് എന്നിവർ രംഗത്ത് വരികയും ഡി.സി.സിക്ക് പരാതി കൊടുക്കുകയും ചെയ്തിരുന്നു.