ചാലക്കുടി: പോട്ടയിലെ സർവീസ് റോഡ് പ്രശ്‌നത്തിന് എന്ന് പരിഹാരമുണ്ടാകുമെന്ന് നിശ്ചയമില്ലാതെ അധികൃതർ. റോഡ് ഉടൻ വീതികൂട്ടി അപകടരഹിതമായ രണ്ടുവരി ഗതാഗതസൗകര്യം ഉണ്ടാക്കുമെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. മാസങ്ങൾക്ക് മുൻപ് തുടങ്ങിയ റോഡ് വീതികൂട്ടൽ നടപടി ഇനിയും പൂർത്തിയായിട്ടില്ല. എന്നാൽ ഈ നീക്കത്തിന് എതിരാണ് പൊലീസ്.
പോട്ടകവല സർവീസ് റോഡിലെ വിചിത്ര ഗതാഗതത്തിന്റെ ഇരയായിരുന്നു മോതിരക്കണ്ണിയിലെ വീട്ടമ്മ റീന. വീട്ടിലേക്ക് സ്‌കൂട്ടറിൽ വരുമ്പോൾ വീതിയില്ലാത്ത റോഡരിൽ വച്ചായിരുന്നു അപകടം നടന്നത്. കടന്നുപോകാൻ നിവൃത്തിയില്ലാതെ ഇവർ ഒരു ഭാഗത്ത് സ്‌കൂട്ടർ നിറുത്തിയെങ്കിലും എതിരെ വന്ന പിക്കപ്പ് വാൻ വന്നിടിച്ചായിരുന്നു ജീവൻ പൊലിഞ്ഞത്. കഴിഞ്ഞ വർഷം രണ്ടു യുവാക്കൾ ഈവിധം കൊല്ലപ്പെട്ടപ്പോഴാണ് റോഡ് വീതി കൂട്ടുന്നതിന് തിടുക്കപ്പെട്ട് ശ്രമങ്ങൾ നടത്തിയത്.
വീതിയില്ലാത്ത സർവീസ് റോഡിൽ രണ്ടുവരി ഗതാഗതം നടത്തുന്നതായിരുന്നു പ്രശ്‌നം. ഇതിന് പരിഹാരമായി റോഡിന്റെ വീതി 9 മീറ്ററാക്കാൻ നഗരസഭ തീരുമാനിച്ചു. ദേശീയ പാതയോരത്തെ കൈയേറ്റം തിരിച്ചു പിടിക്കുകയും ചില വീട്ടുകാർ ഉപാധികളില്ലാതെ സ്ഥലം വിട്ടുനൽകുകയും ചെയ്തു. 500 മീറ്റർ നീളമുള്ള റോഡ് 11 മീറ്റർ വീതിയാക്കാൻ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നടപടി ആരംഭിച്ചെങ്കിലും പൂർത്തിയായില്ല.
ടെൻഡർ എടുക്കാൻ ആരുമെത്താതിരുന്നതാണ് പ്രശ്നം. അതിനാൽ നഗരസഭ നേരിട്ട് മരങ്ങൾ മുറിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. എന്തിനാണ് വൈകിപ്പിക്കുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എമ്മും ചൊവ്വാഴ്ച വൈകീട്ട് ആർ.ജെ.ഡിയും ധർണ നടത്തിയിരുന്നു.
മുറിക്കേണ്ടത് 60 മരങ്ങൾ
പോട്ടയിലെ സർവീസ് റോഡ് വീതികൂട്ടുന്നതിന് മുറിക്കേണ്ടി വരിക 60 മരങ്ങൾ. പ്രവൃത്തിക്ക് ടെൻഡർ എടുക്കാൻ ആരുമെത്താത്തതാണ് നേരിടുന്ന പ്രശ്നം. 11 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിന് കെ.എസ്.ഇ.ബിയിൽ 1.36 ലക്ഷം നഗരസഭ അടച്ചിട്ടുണ്ട്.
ദേശീയപാതയിലെ നിയമപ്രകാരം പോട്ട മേൽപ്പാലം കഴിഞ്ഞുള്ള സുന്ദരിക്കവലയിലെ സർവീസ് റോഡിലേക്കുള്ള പ്രവേശനം തടയണം. വീതി കൂട്ടിയാലും പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത റോഡിൽ തെക്ക് നിന്നും വടക്കോട്ട് മാത്രം വാഹനങ്ങളെ കടത്തി വിടണം.
- പൊലീസ്
റോഡ് വീതികൂട്ടൽ എത്രയുംവേഗം പൂർത്തിയാക്കണം, ദുരന്ത നിവാരണ അതോറിറ്റിക്ക് സോഷ്യൽഫോറസ്ട്രിയുടെ അനുമതിയില്ലാതെ മരങ്ങൾ മുറിക്കാം. വീതികൂട്ടിയ റോഡിൽ രണ്ടുവരി ഗാതാഗതം വേണം
- വത്സൻ ചമ്പക്കര, പോട്ട വാർഡ് കൗൺസിലർ