മുപ്ലിയം: പിടിക്കപ്പറമ്പ് കല്ലേലി പൂരവും മൂന്ന് ശാസ്താക്കൻമാരുടെ സംഗമവും തിരുവാതിരവിളക്കും ഭക്തിസാന്ദ്രം. നവകം, ശ്രീഭൂതബലി, തേവരുടെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത്, അടിയള്ളൂർ മനയിൽ ഇറക്കിപൂജ, കാഴ്ചശീവേലി, പഞ്ചാരിമേളം, ദേവസംഗമം എന്നിവ നടന്നു.
അടിയള്ളൂർ മനയിൽ നിന്നും ഇറക്കിപൂജയ്ക്കുശേഷം തിരികെ ക്ഷേത്രത്തിലെത്തിയ കല്ലേലി ശാസ്താവിന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു കാഴ്ചശീവേലി. പഞ്ചാരിയുടെ രണ്ടാംകാലമായപ്പോഴേക്കും മാട്ടിൽ ശാസ്താവും മേടംകുളങ്ങര ശാസ്താവും എഴുന്നെള്ളി.
മൂന്ന് ശാസ്താക്കൻമാരെയും ഒന്നിച്ചു ദർശിക്കാൻ വൻഭക്തജനത്തിരക്കുണ്ടായിരുന്നു. പഞ്ചാരിമേളത്തിനും മതിൽക്കകത്ത് പറയെടുപ്പിനും ശേഷം ശാസ്താക്കൻമാരെ അകത്തേക്ക് എഴുന്നെള്ളിച്ചു. കല്ലേലി ശാസ്താവും മേടംകുളങ്ങര ശാസ്താവും ചേർന്ന വിളക്കെഴുന്നെള്ളത്തും നടന്നു.