ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ട്രോമാ കെയർ കെട്ടിടത്തിലേക്ക് അത്യാഹിത വിഭാഗം മാറ്റിയത് നഗരസഭാ കൗൺസിലിന് കനത്ത തിരിച്ചടി. ചെയർമാൻ എബി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദ്ദേശ പ്രാകാരം അത്യാഹിത വിഭാഗം മാറ്റിയത്.

വിദ്ധഗ്ദ്ധ ഡോക്ടർമാരും അനുബന്ധ ഉപകരണങ്ങളും എത്തിച്ചേർന്നശേഷം അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാൽ മതിയെന്ന കർശന നിലപാടിലായിരുന്നു ചെയർമാൻ. നഗരസഭാ പ്രതിപക്ഷനേതാവും ഇതിനെ ശക്തമായി പിൻതാങ്ങിയിരുന്നു. എന്നാൽ തീരുമാനം ശരിയല്ലെന്ന അഭിപ്രായത്തിലായിരുന്നു ആശുപത്രി സൂപ്രണ്ട്. ഒമ്പത് മാസം മുൻപ് ആരോഗ്യ മന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത ട്രോമാ കെയർ കെട്ടിടത്തിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കണമെന്ന് വകുപ്പ്‌ മേധാവികൾ നിരന്തരം ആവശ്യപ്പെടുന്നത് സൂപ്രണ്ട് ചൂണ്ടിക്കാട്ടി.

ട്രോമാ കെയർ വിഭാഗത്തിൽ ക്രമേണ വികസനം നടക്കുമെന്നും ഉദ്യോഗസ്ഥ മേധാവികൾ അറിയിച്ചിട്ടുണ്ട്. കെട്ടിടോദ്ഘാടനം നടന്നതല്ലാതെ മറ്റൊന്നും ലഭിച്ചില്ലെന്ന വ്യാപക പ്രചാരണമാണ് നഗരസഭ ഇതുവരെയും നടത്തിയത്. അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിലും ശസ്ത്രക്രിയാ വിഭാഗം ഒന്നാം നിലയിലുമാണ് പ്രവർത്തിക്കുന്നത്.