
തൃശൂർ: പീച്ചിയില കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറായി ആലപ്പുഴ ഹരിപ്പാട് സ്വദേശി ഡോ. കണ്ണൻ സി.എസ്. വാര്യരെ നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ അഞ്ച് വർഷത്തേക്കാണ് നിയമനം. നിലവിൽ കോയമ്പത്തൂരിലെ ദേശീയ വനഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആൻഡ് ട്രീ ബ്രീഡിംഗിൽ ചീഫ് സയന്റിസ്റ്റാണ്. വനശാസ്ത്ര രംഗത്ത് ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉപ്പുരസമേറിയ മണ്ണിനു യോജിച്ച കാറ്റാടിമരങ്ങളുടെ മൂന്ന് ക്ലോണുകളെ വികസിപ്പിച്ചിരുന്നു. ആലപ്പുഴയിലെ കാവുകളെ പറ്റിയുള്ള പഠനത്തിന് ജൈവവൈവിദ്ധ്യ മേഖലയിൽ ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള റോള എസ്. റാവു ദേശീയ പുരസ്‌കാരവും ലഭിച്ചു. ഭാര്യ: ഡോ. രേഖ വാര്യർ. മക്കൾ: അമൃത്, അനിരുദ്ധ്.