juga

തൃശൂർ: കാടും കാട്ടാറും കടലും കേരള നാടിന്റെ പെരുമ... കാടകപ്പൊരുളിന്റെ തനിമ ... വനംവകുപ്പിന്റെ തീം സോംഗിലെ ഈ വരികളെഴുതിയത് വനംവകുപ്പ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി.കൃഷ്ണൻ. സംഗീതം ഡോ.കണ്ണൻ വാര്യർ. പാടിയത് പി.ജയചന്ദ്രൻ.
ഇതുൾപ്പെടെ പാടിയതും സംഗീതം നൽകിയതുമായ അമ്പതോളം സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട് പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ പുതിയ ഡറക്ടർ ഡോ.കണ്ണൻ സി.ആർ വാര്യർ. കാടറിവിനൊപ്പം സംഗീതവും അദ്ദേഹത്തിന് ജീവിതസാധന. ബിരുദവും, ബിരുദാനന്തരബിരുദവും ഒന്നാം റാങ്കോടെ പാസായ കണ്ണൻ വാര്യർ അഞ്ചു തവണ കാർഷിക സർവകലാശാല കലാപ്രതിഭയായി. ഗിറ്റാർ, മൃദംഗം, ഹാർമോണിയം, ഹാർമോണിക്ക, ഇടയ്ക്ക എന്നിവ വായിക്കും.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനായി യജുർ വേദത്തെ ആസ്പദമാക്കി സംഗീതം നൽകി ആലപിച്ചു. 2022ൽ ഐക്യരാഷ്ട്ര സഭയുടെ രാജ്യന്തര വനദിനത്തിന്റെ ഭാഗമായി ബാങ്കോക്കിൽ നടത്തിയ ബോധവത്കരണത്തിൽ മകൻ അമൃതിനൊപ്പം ഓൺലൈനായി 'തടിയിൽ നിന്നും സംഗീതം' ജുഗൽബന്ദി അവതരിപ്പിച്ചു. സ്വന്തമായി ഈണം നൽകി പാടിയ ദശപുഷ്പമെന്ന ആൽബത്തിന് പുറമെ കർണാടക സംഗീത ആൽബവുമിറക്കി. ആകാശവാണിയിൽ അനൗൺസറുമായിരുന്നു. സംസ്ഥാന യുവജനോത്സവത്തിൽ 10 വർഷത്തിലേറെ വിധികർത്താവുമായി.

30 വർഷത്തെ ഗവേഷണം; 301 പ്രബന്ധം

യുനെസ്‌കോ അന്താരാഷ്ട്രതലത്തിൽ വികസിപ്പിച്ച ഡാറ്റാ അനാലിസിസ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ പരിശീലനം നേടി ഡിജിറ്റൽ ചിത്രം ഉപയോഗിച്ച് വനത്തോട്ടങ്ങളുടെ വിളവ് നിർണ്ണയിക്കുന്ന സാങ്കേതിക വിദ്യക്ക് സഹപ്രവർത്തകർക്കൊപ്പം പേറ്റന്റ് നേടി. ഇന്ത്യയിൽ 17 പേറ്റന്റുകളാണ് വനശാസ്ത്രത്തിലുള്ളത്. വനശാസ്ത്ര രംഗത്ത് 30 വർഷത്തെ ഗവേഷണ പരിചയമുള്ള ഡോ.കണ്ണൻ 301 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.