1

തൃശൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ വിപുലമായ മണ്ഡലം പര്യടന പരിപാടിയുടെ ഉദ്ഘാടനം 22ന് രാവിലെ 7.30ന് ഇരിങ്ങാലക്കുടയിലെ കാറളം സെന്ററിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയാകും. മന്ത്രി കെ. രാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, എൽ.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.കെ. കണ്ണൻ, ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, കെ.കെ. രാമചന്ദ്രൻ, എൻ.കെ. അക്ബർ, സി.സി. മുകുന്ദൻ, മുരളി പെരുനെല്ലി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.
മാർച്ച് 22 മുതൽ 30 വരെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയുടെ ആദ്യഘട്ട സ്വീകരണ പരിപാടി സംഘടിപ്പിക്കും. എല്ലാ ദിവസവും രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് മൂന്ന് മുതൽ 8 വരെയുമാണ് പര്യടനം. 23ന് മണലൂർ, 24ന് ഗുരുവായൂർ, 26ന് പുതുക്കാട് 27ന് നാട്ടിക, മാർച്ച് 28ന് തൃശൂർ, 30ന് ഒല്ലൂർ എന്ന ക്രമത്തിലാണ് പര്യടനം.

സുരേഷ് ഗോപി 23 വരെ അവധിയിൽ
തൃശൂർ: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ്‌ഗോപി ഈ മാസം 23 വരെ അവധിയിൽ. കുടുംബാവശ്യത്തിന് വീട്ടിലേക്ക് പോയെന്നാണ് വിശദീകരണം. രണ്ട് ദിവസത്തിനകം മടങ്ങിയെത്തുമെന്ന് ബി.ജെ.പി നേതാക്കൾ വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിൽ സുരേഷ്‌ഗോപി പങ്കെടുക്കും. 23നാണ് തൃശൂരിലെ പര്യടനം പുനരാരംഭിക്കുക.

നേരത്തെ പ്രചാരണം തുടങ്ങിയ സുരേഷ്‌ഗോപി മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് മാറിനിന്നിരുന്നു. ഈ മാസം നാലിനാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രചാരണത്തിൽ സജീവമായത്. സ്ഥാനാർത്ഥി അവധിയിലാണെങ്കിലും നേതാക്കളും പ്രവർത്തകരും ബൂത്ത് തലത്തിൽ പ്രചാരണത്തിലാണ്.

ഒല്ലൂരിൽ കെ. മുരളീധരന്റെ പര്യടനം
യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ ഇന്നലെ ഒല്ലൂരിൽ പര്യടനം നടത്തി. വിശുദ്ധ ഏവുപ്രാസ്യ അതിരൂപതാ തീർത്ഥ കേന്ദ്രം, കൊല്ലൂർ മേരി മാതാ പള്ളി, സെന്റ് ആന്റണീസ് ഫെറോന ചർച്ച്, സെന്റ് വിൻസൺ ഡി പോൾ ഹോസ്പിറ്റൽ, കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രം, സെന്റ് ജോസഫ് ചർച്ച് കുരിയച്ചിറ, വൈദ്യരത്‌നം ആയുർവേദ കോളേജ് ഹോസ്പിറ്റൽ, വൈദ്യരത്‌നം ഔഷധ നിർമ്മാണശാല, വൈദ്യരത്‌നം നഴ്‌സിംഗ് ഹോം, തൈക്കാട്ടുശ്ശേരി ഭഗവതി ക്ഷേത്രം, ഒല്ലൂർ ഐ.എൻ.ടി.യു.സി യൂണിയൻ ഓഫീസ്, പടവരാട് സെന്റ് തോമസ് ചർച്ച്, ഒല്ലൂർ പവനാത്മ എഫ്.സി കോൺവെന്റ്, സ്‌പെഷ്യൽ സ്‌കൂൾ, പടവരാട് സേക്രഡ് ഹാർട്ട് ശാന്തിഭവൻ, സെന്റ് തോമസ് പ്രൊവിൻസ്, മരത്താക്കര പരിശുദ്ധ അമലോത്ഭവ മാതാ ചർച്ച് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ബ്ലഡ് സാക്രമന്റ് എഫ്.സി കോൺവെന്റിലെത്തി നോർബർട്ട് അമ്മയുടെ കല്ലറയിൽ പ്രാർത്ഥിച്ചു. കോനിക്കര കെ.എസ്.ഇ ലിമിറ്റഡ്, ഇളംതുരുത്തി ലിയോ ലോജിസ്റ്റിക് ഹബ്, സതേൺ യൂണിയൻ ഫാർമസ്യൂട്ടിക്കൽസ്, പുത്തൂർ സെന്റ് തോമസ് ഫെറോന ചർച്ച് എന്നിവിടങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു.