1

തൃശൂർ: മത്സരം മുറുകുമ്പോൾ ഓരോ വോട്ടുകളും നിർണായകം. അതിനാൽ സ്വതന്ത്രരും ചെറുകിട പാർട്ടികളും നേടുന്ന വോട്ടുകൾ മാറ്റിമറിക്കുന്നതാകും അവസാനവിധി. 2019ലെ യു.ഡി.എഫ് തരംഗത്തിൽ തൃശൂർ, ആലത്തൂർ, ചാലക്കുടി എന്നീ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ ചെറുപാർട്ടികൾക്കും സ്വതന്ത്രന്മാർക്കും നേട്ടം കൊയ്യാനായിരുന്നില്ല. എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നിർണായക ഘടകമായിരുന്നു ചെറുപാർട്ടികൾ.

2014ൽ തൃശൂരിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായ സാഹിത്യകാരി സാറ ജോസഫ് 44,638 വോട്ടുകൾ നേടിയിരുന്നു. അന്നത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.പി. ധനപാലനെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എൻ. ജയദേവൻ പരാജയപ്പെടുത്തിയത് വെറും 38,227 വോട്ടിനായിരുന്നു. 102681 വോട്ടാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ കെ.പി. ശ്രീശൻ 2014ൽ നേടിയത്.

2014ൽ ചാലക്കുടിയിൽ എ.എ.പി സ്ഥാനാർത്ഥിയായ കെ.പി. നൂറുദ്ദീനും 35,189 വോട്ടുകൾ നേടിയിരുന്നു. ബി.എസ്.പി, എസ്.ഡി.പി.ഐ, വെൽഫയർ പാർട്ടി എന്നിവരും സാന്നിദ്ധ്യം തെളിയിച്ചിരുന്നു. ത്രികോണ മത്സരം നടക്കുന്ന തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ജയപരാജയങ്ങളെ നിർണയിക്കുന്ന വലിയ ഘടകമാകും ചെറുപാർട്ടികളും സ്വതന്ത്രന്മാരും.

2014ൽ ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ബിജു 44.34% വോട്ട് നേടി വിജയിച്ചപ്പോൾ യു.ഡി.എഫിലെ കെ.എ. ഷീബയ്ക്ക് 40.33% വോട്ട് കിട്ടിയിരുന്നു. ആ സമയം, 21,417 വോട്ട് (അതായത് 2.31%) നോട്ടയ്ക്ക് ലഭിച്ചെന്നതും ശ്രദ്ധേയം.


നിർണയിക്കുമോ നോട്ട?
2009 ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് വോട്ടിംഗ് യന്ത്രത്തിൽ പ്രത്യക്ഷമായ നോട്ടയ്ക്ക് (None Of The Above) 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും ആകർഷണമേറെയായിരുന്നു. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗത്തിൽ നോട്ടയുടെ പ്രിയം കുറഞ്ഞു. ഇക്കുറി തിരഞ്ഞെടുപ്പിൽ ത്രികോണമത്സരം നടക്കുന്ന പലയിടത്തും നോട്ട കൂടി നിർണായകമാകുമെന്നുറപ്പ്.

ആലത്തൂരിൽ 2014ൽ 2.31% ആയിരുന്നു നോട്ട എങ്കിൽ 2019ൽ ഇത് 0.76% ആയി കുറഞ്ഞു. 2014ൽ തൃശൂരിൽ 10,050 വോട്ടാണ് (1.09%) നോട്ടയ്ക്ക് ലഭിച്ചതെങ്കിൽ 2019ൽ 0.41% ആയി. ചാലക്കുടിയിൽ 2014ൽ 10552 (1.19%) വോട്ടും 2019ൽ 7,578 (0.77%) വോട്ടുമായിരുന്നു നോട്ടക്കണക്ക്.

നോട്ട: 2019


2014ൽ നിർണായകമായ ചെറുകക്ഷികൾ

ഓർമകളിൽ ഇന്നസെന്റും ടി.വി. ബാബുവും

രാഷ്ടീയവേഷം അണിഞ്ഞ് എം.പി സ്ഥാനം വരെ അലങ്കരിച്ച പ്രിയനടൻ ടി.വി. ഇന്നസെന്റും കെ.പി.എം.എസിനെ മികച്ച സംഘടനയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച ബി.ഡി.ജെ.എസ് നേതാവ് ടി.വി. ബാബുവും ഈ തിരഞ്ഞെടുപ്പിന്റെ നഷ്ടം. ടി.വി എന്നതാണ് ഇരുവരുടെയും ഇനീഷ്യലെന്നതും ശ്രദ്ധേയം.

ചാലക്കുടിയിൽ നിന്ന് 2014ൽ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്നസെന്റ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും യു.ഡി.എഫിലെ ബെന്നി ബെഹ്നാനോട് പരാജയപ്പെട്ടു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെയാണ് ആലത്തൂരിൽ ടി.വി.ബാബു എൻ.ഡി.എ സ്ഥാനാർത്ഥിയായത്. 2014നേക്കാൾ എൻ.ഡി.എയുടെ വോട്ടുവിഹിതം വർദ്ധിപ്പിക്കാൻ ബാബുവിനായിരുന്നു.