
വടക്കാഞ്ചേരി : മഞ്ഞുമ്മൽ ബോയ്‌സിലെ യഥാർത്ഥ കഥാപാത്രങ്ങളെ കാണാൻ ജനം തിങ്ങിക്കൂടി. വടക്കാഞ്ചേരിയിലെ പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. തൊട്ടടുത്ത ന്യൂരാഗം തിയേറ്ററിൽ ചിത്രം ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സിലെ കുട്ടേട്ടനെയും, സുഭാഷിനെയും അടക്കമുള്ള യഥാർത്ഥ കഥാപാത്രങ്ങളെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഓട്ടുപാറയിലെ സ്ഥാപനത്തിന് മുന്നിൽ തിങ്ങിക്കൂടിയത്. ചിത്രത്തിലെ യഥാർത്ഥ കഥാപാത്രങ്ങളായ കൃഷ്ണകുമാർ, സിജു, കുട്ടേട്ടൻ, സുഭാഷ്, അനിൽ ജോസഫ്, ജീൻസൻ, സുജിത്ത്, പ്രസാദ്, ജിപ്‌സൻ, അഭിലാഷ്, സുമേഷ്, സുധീഷ് എന്നിവർ ഒരുമിച്ചാണ് വാഹനത്തിൽ വന്നിറങ്ങിയത്. സിനിമയിലെ യഥാർത്ഥ കഥയിൽ 2006ൽ കൊടെകനാലിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലവും അത് പിന്നീട് സിനിമയായ കഥയും മഞ്ഞുമ്മൽ ബോയ്‌സ് വിശദീകരിച്ചു. ജീവിതത്തിലെ ഈ ചെറിയ അനുഭവ കഥ കേരളത്തിനകത്തും പുറത്തുമുള്ള പ്രേക്ഷകർ ഇരുകൈയോടെ സ്വീകരിച്ചതിൽ ഒരു ഗ്രാമം മുഴുവൻ കടപ്പാടറിയിക്കുകയാണെന്നും മഞ്ഞുമ്മൽ ബോയ്‌സ് പറഞ്ഞു. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. 200 കോടി ക്ലബിലാണ് മഞ്ഞുമ്മൽ ബോയ്‌സ് ചിത്രമെത്തി നിൽക്കുന്നത്.