ചാലക്കുടി: അപകടങ്ങൾ തുടർക്കഥയാകുന്ന പോട്ട സർവീസ് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നാളെ മുതൽ മരങ്ങൾ മുറിക്കും. ഇരുപത് തേക്ക് ഉൾപ്പെടെ അറുപതോളം മരങ്ങൾ മുറിക്കണം. റോഡ് 11 മീറ്റർ വീതിയിൽ ദേശീയപാത അധികൃതർ ടാറിംഗ് നടത്തും. സോഷ്യൽ ഫോറസ്ട്രിയുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതും ടെൻഡറെടുക്കാൻ ആളില്ലാത്തതുമാണ് മരംമുറിക്കൽ നീണ്ടത്.
ദുരന്ത നിവാരണ വിഭാഗത്തിൽ ഉൾപ്പെടുത്തി മാനദണ്ഡം നോക്കാതെ ഇവിടുത്തെ മരങ്ങൾ മുറിക്കാൻ മുൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതു ശ്രദ്ധിക്കാതെയാണ് കാര്യങ്ങൾ പഴയപടി നീങ്ങിയതത്രേ. ഇപ്പോൾ ദുരന്ത നിവാരണ വിഭാഗത്തിലെ ദൗത്യം എന്ന നിലയിലാണ് മരംമുറിക്ക് തീരുമാനമായത്. എല്ലാ മരങ്ങളും മുറിച്ചു നീക്കിയാൽ വൈദ്യുതി കാലുകൾ മാറ്റുന്ന പ്രവർത്തനം മൂന്ന് ദിവസത്തിനകം പൂർത്തിയാകും. ഇതിന്റെ തുകയായ 1.30 ലക്ഷം രൂപ നഗരസഭ നേരത്തെ കെ.എസ്.ഇ.ബിയിൽ അടച്ചിരുന്നു.

രണ്ടുവരിയിൽ വിയോജിച്ച് പൊലീസ്

പോട്ട കവല സർവീസ് റോഡിൽ സ്ഥിരമായി രണ്ടുവരി ഗതാഗതം ഏർപ്പെടുത്താനാണ് നീക്കം. എന്നാൽ ഇതിനോട് പൊലീസിന് വിയോജിപ്പാണ്. ഒറ്റവരി ഗതാഗതം ആക്കിയാലും കനത്ത നിരക്ക് അനുഭവപ്പെടുന്ന ഇവിടെ ഇനിയും അപകടം സംഭവിച്ചേക്കാമെന്നാണ് അവരുടെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് ചാലക്കുടി എസ്.എച്ച്.ഒ അടുത്ത ദിവസം അർ.ടി.എ കമ്മിറ്റിക്ക് കത്ത് നൽകും. പോട്ട ജംഗ്ഷനിൽ നിന്നും ചാലക്കുടിയിലേയ്ക്കുള്ള വാഹനങ്ങളെ മാത്രം ഇതിലേ കടത്തി വിട്ടാൽ മതിയെന്നാണ് പൊലീസ് നിർദ്ദേശം. ചാലക്കുടിയിൽ നിന്നും പോകുന്നവ, ആശ്രമം സിഗ്‌നൽ ജംഗ്ഷൻ കടന്ന് പടിഞ്ഞാറെ സമാന്തര റോഡിലൂടെ പോട്ടയിലേയ്ക്ക് പോകണം. എന്നാൽ ഇതിനെ വ്യാപാരികളും പോട്ട വികസന സമിതിയും നഖശിഖാന്തം എതിർക്കുന്നു.