1

തൃശൂർ: ക്ലാസിക് രംഗകലകളിലും പൗരസ്ത്യ സൗന്ദര്യശാസ്ത്ര ചിന്തകളിലും അഗാധമായ പാണ്ഡിത്യമുള്ള അനന്യവ്യക്തിത്വമായിരുന്നു എൻ. രാധാകൃഷ്ണൻ നായരെന്ന് കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി. കലാചിന്തകനും മുൻ അക്കാഡമി സെക്രട്ടറിയുമായിരുന്ന എൻ. രാധാകൃഷ്ണൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. കേരള സംഗീത നാടക അക്കാഡമിയുടെ 19-ാം സെക്രട്ടറിയായിരുന്ന രാധാകൃഷ്ണൻ നായർ, കൊവിഡ് കാലത്ത് കലാകാരന്മാരുടെ ക്ഷേമത്തിനായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലടക്കം നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരുന്നപ്പോഴാണ് ദേശീയ സംഗീതോത്സവമായ രാഗസുധയും ദേശീയ നൃത്തോത്സവമായ നൃത്യതിയും നടത്തിയത്. കേരള കലാമണ്ഡലം സെക്രട്ടറി ആയിരുന്ന സമയത്തും അദ്ദേഹം ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നുവെന്ന് കരിവെള്ളൂർ മുരളി അനുസ്മരിച്ചു.