ചാലക്കുടി: നിശ്ചിത തവണ കഴിഞ്ഞിട്ടും മോസ്‌കോ കമ്പയിന്റ് കനാലിലേക്ക് വെള്ളം വിടുന്നില്ല. ഇതുമൂലം കർഷകരും നാട്ടുകാരും നട്ടം തിരിയുന്നു. മാള കൊടകര മേഖലകളിലെ കനത്ത ജലക്ഷാമം കണക്കിലെടുത്താണെന്ന് പറയുന്നു, അനുവദനീയ ദിവസം കഴിഞ്ഞിട്ടും അവിടങ്ങളിലേയ്ക്കാണ് മെയിൻ കനാലിലൂടെ വെള്ളം വിടുന്നത്.
നിശ്ചയിച്ച തിയതി കഴിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴും വെള്ളം ലഭിക്കാത്തതിനാൽ പരിയാരം, ചാലക്കുടി പ്രദേശങ്ങളെ പ്രതികൂലമായി ബാധിച്ചു. പരിയാരം പഞ്ചായത്താണ് ഗുരുതര പ്രതിസന്ധിയിലായത്. കനാൽ വെള്ളം മുടങ്ങുന്നതിനാൽ നെൽക്കൃഷിയും കാർഷിക വിളകളും വലിയ തോതിൽ നശിക്കാനിടയാകുന്നു.
ചിറകൾ നിറയ്ക്കുന്നതിന് കൂടുതൽ ദിവസം വെള്ളമെത്തണമെന്ന് മാള- കൊടകര മേഖലയിലെ കർഷകർ ആവശ്യപ്പെട്ടിരുന്നു. എട്ടുദിവസം ഇവിടങ്ങളിലേയ്ക്കും തുടർന്നുള്ള 3 ദിവസം മോസ്‌കോ കമ്പയിന്റ് കനാലിലേയ്ക്കും വെള്ളം വിടണമെന്നാണ് വ്യവസ്ഥ.
മോസ്‌കോയിൽ നിന്നുമുള്ള ചാലക്കുടി ബ്രാഞ്ച് കനാലിനെ ആശ്രയിക്കുന്ന ജനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ജലസേചന വകുപ്പ് ക്വാർട്ടേഴ്‌സ് പ്രദേശത്തെ കണ്ണംകുളം നിറയ്ക്കണമെന്ന് തെക്കൻ ചാലക്കുടിയിലെ ആളുകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ പരിയാരം മേഖലയിലെ കർഷകർ വരുംദിവസങ്ങളിൽ ജലസേചന വകുപ്പ് ഓഫീസുകൾ ഉപരോധിക്കൽ അടക്കമുള്ള പ്രക്ഷോഭങ്ങളിലേയ്ക്ക് നീങ്ങിയേക്കും.