ആറാട്ടുപുഴ: ആറാട്ടുപുഴ തറയ്ക്കൽ പൂരം നാളെ ആഘോഷിക്കും. പിടിക്കപറമ്പ് ആനയോട്ടവും കൊമ്പുകുത്തുകളും വിവിധ മഠങ്ങളിൽ കൂട്ടപ്പറകൾ സ്വീകരിച്ച ശേഷം ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയാൽ താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് നാലിന് വിവിധ മനകളിൽ പറകൾ സ്വീകരിക്കാനായി ശാസ്താവ് പുറപ്പെടും. തിരിച്ച് ക്ഷേത്രത്തിൽ എത്തിയാൽ ശംഖുവിളി, കേളി, സന്ധ്യാവേല, അത്താഴപൂജ എന്നിവയ്ക്ക് ശേഷം തറയ്ക്കൽ പൂരത്തിന് ചെമ്പടയുടെ അകമ്പടിയോടെ എഴുന്നെള്ളുകയായി. ക്ഷേത്രമതിലിനകത്ത് ഏകതാളമുണ്ടാകും. മതിൽക്കെട്ടിന് പുറത്തേക്കെഴുന്നെള്ളുന്ന ശാസ്താവ് ഒമ്പത് ഗജവീരൻമാരുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കും. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ശാസ്താവിന്റെ തിടമ്പേറ്റും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 150 ൽപരം കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം 9.30ന് കൊട്ടിക്കലാശിക്കും. മേളത്തിന് ശേഷം പടിഞ്ഞാറുനിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപ്പാൾ ഭഗവതിയും എഴുന്നെള്ളും. ഊരകത്തമ്മത്തിരുവടിക്ക് പഞ്ചാരിമേളവും തൊട്ടിപ്പാൾ ഭഗവതിക്ക് പാണ്ടിമേളവും അകമ്പടിയേകും. മേളത്തിനു ശേഷം മൂന്നു ദേവീദേവന്മാരും സംഗമിക്കും. തൊട്ടിപ്പാൾ ഭഗവതി ശാസ്താവിനും ഊരകത്തമ്മത്തിരുവടിക്കും ഉപചാരം ചൊല്ലി ശാസ്താംകടവിലേയ്ക്ക് ആറാട്ടിനും ഊരകത്തമ്മത്തിരുവടി കീഴോട്ടുകര മനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടമ്പ് മനയിലേക്കും യാത്രയാകും. പറയെടുപ്പിനുശേഷമാണ് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നത്. രാത്രി 12ന് ശാസ്താവ് പിഷാരിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും. വഴിമദ്ധ്യേ ശാസ്താവിന് കീഴോട്ടുകര മനയ്ക്കൽ ഇറക്കിപൂജയും തുടർന്ന് പിഷാരിക്കൽ ക്ഷേത്രത്തിൽ ഇറക്കി എഴുന്നെള്ളിപ്പും ഉണ്ടാകും. തുടർന്ന് ശാസ്താവിന് ഉപചാരം ചൊല്ലി പിരിയും.