
പെറ്റ തള്ള കണ്ടാൽ സഹിക്കാത്ത നിറവും കലയും ചാർത്തിക്കൊടുക്കുകയാണ് ഡോ.ആർ.എൽ.വി രാമകൃഷ്ണനെന്ന കലാകാരന്. മോഹിനിയാട്ടത്തിൽ റാങ്കോടെ ബിരുദം പൂർത്തിയാക്കി, ഗവേഷണം നടത്തിയ കലാകാരനെ അധിക്ഷേപിക്കാൻ യോഗ്യതയല്ല നിറമാണ് ഒരു സ്ത്രീ ആയുധമാക്കുന്നത്. എന്നാണ് ഇവരൊക്കെ ആധുനികകാലത്തേക്ക് നടന്നെത്തുക. കറുപ്പ് ഒരു നിറം മാത്രമാണ്. കുറ്റമല്ല....
തൃശൂർ/ചാലക്കുടി : കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി സംഘടനകൾ രംഗത്ത്. രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കലാമണ്ഡലം പോലെയുള്ള പ്രശസ്തമായ കലാലയത്തിന്റെ നാമം സ്വന്തം പേരിനൊപ്പം ചേർത്ത് നടക്കുന്ന ആളാണ് സത്യഭാമ. എന്നാൽ, ആ പേരിന് നിരക്കാത്ത രീതിയിൽ കലാകാരന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള വർണ്ണവെറിയാണ് സത്യഭാമയുടെ നാവിൽ നിന്നുണ്ടായതെന്ന് ജില്ലാ പ്രസിഡന്റ് എൻ.മൂസക്കുട്ടി, സെക്രട്ടറി സിജോ പൊറത്തൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
രാമകൃഷ്ണനെ ശരീരത്തിന്റെ നിറം പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് ഓൾ ഇന്ത്യാ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി കലാവിദ്യാർത്ഥികൾക്ക് ഗുരുവായി പ്രവർത്തിക്കുന്ന വ്യക്തിയാണ് രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ ശരീരത്തിന്റെ നിറം പറഞ്ഞ് അധിക്ഷേപിക്കുമ്പോൾ സത്യഭാമയുടെ ഉള്ളിൽ നിന്ന് പുറത്തുവരുന്നത് സവർണ്ണ മാടമ്പിത്തരത്തിന്റെ വിഷമാണെന്ന് എ.ഐ.ഡി.ആർ.എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പിന്തുണയുമായി നാഗേഷ്
ആർ.എൽ.വി രാമകൃഷ്ണനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് സന്ദർശിച്ച് പിന്തുണയറിയിച്ചു. കലാകാരൻ ആർ.എൽ.വി രാമകൃഷ്ണനിലൂടെ കലാഭവൻ മണിയെ തന്നെ കാണുന്നവരാണ് മലയാളികളെന്നും നാഗേഷ് പറഞ്ഞു.
ആർ.എൽ.വി.രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ കർശന നടപടി സ്വീകരിക്കും. ഒരു വ്യക്തിയുടെ നിറത്തെ ചൂണ്ടിക്കാട്ടിയുള്ള അധിക്ഷേപത്തിനെതിരെ സർക്കാർ കർശന നടപടിയുമായി മുന്നോട്ടുപോകും. കലയെ സ്‌നേഹിക്കുന്നവർ ആരും ഇത്ര ഹീനമായി ചിന്തിക്കരുത്.
കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നാണ് പലരും ചോദിക്കുന്നത്. കൊക്ക് കുളിച്ചാൽ കാക്ക ആകുമോയെന്ന് ആരും ചോദിക്കാറില്ല. പഴയ മനസുമായിട്ടാണ് പല രംഗത്തും ചില ആളുകൾ പ്രവർത്തിക്കുന്നത്. എല്ലാവരെയും തുല്യരായി കാണാനുള്ള മനസുണ്ടെന്നതാണ് കേരളത്തെ സംബന്ധിച്ച് ഏറ്റവും അഭിമാനത്തോടെ പറയാവുന്ന ഒരു കാര്യം.
കെ.രാധാകൃഷ്ണൻ.
മന്ത്രി
കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശം പ്രതിഷേധാർഹമാണ്. കലയെ കൊല ചെയ്യുന്ന മനസുള്ളവർ കലാമണ്ഡലത്തിന്റെ പേരും വച്ച് വായിൽ തോന്നുന്നത് പറയുന്നത് ഭൂഷണമാണോ എന്ന് സ്വയം പരിശോധിക്കണം. പരാമർശം നവോത്ഥാന കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തെ അപഹസിക്കുന്നതും കൊഞ്ഞനം കുത്തുന്നതുമാണ്.
രമ്യ ഹരിദാസ്
എം.പി
അതുല്യ കലാകാരൻ ഡോ.ആർ.എൽ.വി.രാമകൃഷ്ണനെ അധിക്ഷേപിച്ച ജൂനിയർ സത്യഭാമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. കലാമണ്ഡലത്തിന്റെ എക്കാലത്തെയും പെരുമ ഉയർത്തിയ കലാമണ്ഡലം സത്യഭാമയുടെ സൽപേര് തട്ടിയെടുക്കാൻ വ്യാജ നാമം നൽകിയ ജൂനിയർ സത്യഭാമ കലാ കേരളത്തിന് അപമാനമാണ്.
യൂജിൻ മോറേലി
ആർ.ജെ.ഡി
നാട്യശാസ്ത്രത്തിൽ നർത്തകിക്ക് വേണ്ട പത്ത് ഗുണം വേണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും കാലഘട്ടത്തിനനുസരിച്ച് മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. ശിവനും, ശക്തിയും കൂടി ചേർന്നാണ് ആദ്യം നൃത്തം ചെയ്തതെന്ന് പറയുന്നുണ്ട്. ശിവന്റെ വർണ്ണത്തെ കുറിച്ച് ഒരു കലാകാരനോ, കലാകാരിയോ നാൾ ഇതുവരെ പരാമർശിച്ചിട്ടില്ല.
കലാമണ്ഡലം സുജാത
കലാമണ്ഡലം നൃത്ത വിഭാഗം മുൻ മേധാവി
മോഹിനിയാട്ട കലാകാരികൾ ഭംഗിയുള്ളവരും, വെള്ളുത്തവരുമായിരിക്കണമെന്ന ചിലരുടെ അഭിപ്രായം നൃത്തലോകത്തിന് തന്നെ അപമാനം ഉണ്ടാക്കുന്നതാണ്
ഡോ.നീന പ്രസാദ്
കലാമണ്ഡലം ഭരണ സമിതി അംഗം