
ലോകസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 20/20 സീറ്റ് ലക്ഷ്യവുമായി മുന്നേറുമ്പോൾ മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ളിം ലീഗും മെയ്മറന്നു പ്രയത്നത്തിലാണ്. ആർജ്ജവത്തോടെ, ജില്ലയിലെ യു.ഡി.എഫിന്റെ വിജയത്തിനായി ഏതറ്റം വരെയും പ്രവർത്തിക്കുമെന്ന് പറയുകയാണ് മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റായ സി.എ.മുഹമ്മദ് റഷീദ്. സ്ഥാനാർത്ഥി മാറ്റവും മുന്നണിയുടെ സാദ്ധ്യതകളുമെല്ലാം വിലയിരുത്തുകയാണ് റഷീദ് ലീഡേഴ്സ് ടോകിലൂടെ.
യു.ഡി.എഫിന്റെ സാദ്ധ്യത ?
ജില്ലയിൽ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ജയിക്കും. എല്ലാവരും ആത്മവിശ്വാസത്തിലാണ്. ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലം കൂടിയാണ് തൃശൂർ മണ്ഡലം. നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉയർന്നുവരുന്ന ജനമുന്നേറ്റത്തിൽ തൃശൂരും അണിചേരും. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലുള്ളവർ പ്രബുദ്ധതയുള്ളവരാണ്. അംബേദ്കർ സമ്മാനിച്ച ഭരണഘടന മാറ്റിയെഴുതപ്പെടാതിരിക്കാൻ ലോക്‌സഭയിൽ കോൺഗ്രസ് എം.പിമാരുടെ എണ്ണം വേണം. ആ ഉൾക്കാഴ്ച്ച തൃശൂരിലെ ജനങ്ങൾക്കുണ്ട്. ജാതിമത ഗോത്ര ചിന്തകൾക്കതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് തൃശൂരിലെ വോട്ടർമാർ.
സ്ഥാനാർത്ഥി മാറിയത് ?
സിറ്റിംഗ് എം.പിയായ പ്രതാപൻ മാറി എന്നതല്ല വിഷയം. കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതാപൻ നാടിന്റെ വികസനത്തിന് ചെയ്ത പ്രവർത്തനങ്ങളും അതോടൊപ്പം കേരളത്തിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നേതാവായ കെ.മുരളീധരന്റെ സാന്നിദ്ധ്യവും കൂടിയാകുമ്പോൾ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കും. രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള നരേന്ദ്രമോദിയുടെ ഭരണത്തിനുള്ള അന്ത്യം കുറിക്കലാകും ഈ പൊതുതിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണമെങ്കിൽ ഇന്ത്യാ സംഖ്യം അധികാരത്തിൽ വരണം. അതിന് ശക്തമായ നേതൃത്വം നൽകാൻ കോൺഗ്രസിനേ സാധിക്കൂ.