karunakaran

തൃശൂർ : തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിലെ സമീപകാലത്തെ കുറഞ്ഞ ഭൂരിപക്ഷം ലീഡർ കെ.കരുണാകരനെ മലർത്തിയടിച്ച സി.പി.ഐയിലെ വി.വി.രാഘവന്റേതായിരുന്നു. 1996ലാണ് രാഷ്ട്രീയ അതികായൻ എന്ന പേരുകേട്ട കെ.കരുണാകരൻ സ്വന്തം തട്ടകത്ത് ആദ്യമായി പോരിനിറങ്ങിയത്.

ദേശീയതലത്തിൽ തിളങ്ങി നിൽക്കുന്ന സമയം. തൃശൂർ സാക്ഷ്യം വഹിച്ച ശക്തമായ പോരാട്ടത്തിൽ വി.വി.രാഘവൻ 1480 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇരുവരും തമ്മിലുള്ള വോട്ടിംഗ് വ്യത്യാസം 0.30 ശതമാനം. അന്ന് വി.വി.രാഘവൻ 3,08,482 വോട്ടുകൾ (43.6 %) നേടിയപ്പോൾ 3,07,002 (43.3) വോട്ടുകൾ കെ.കരുണാകരൻ നേടി. ബി.ജെ.പിയിലെ രമ രഘുനന്ദന് 41,139 വോട്ട് ലഭിച്ചു. രാഷ്ടീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയായി അത്. തോൽവിക്ക് ശേഷം കെ.കരുണാകരൻ ഉയർത്തിയ പ്രതിഷേധം ഇന്ന് രാഷ്ട്രീയ കേരളത്തിൽ സ്ഥിരം വാചകമായി.
സ്വന്തം പാർട്ടിക്കാർ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തിയെന്ന ആരോപണമാണ് അന്നുയർത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ പിന്നീട് ഏറെക്കാലം മിമിക്രി കലാകാരന്മാർ വരെ ഉപയോഗിച്ചു. പിന്നീട് ഒരിക്കലും തൃശൂരിൽ കരുണാകരൻ മത്സരിച്ചില്ല. എന്നാൽ മകൻ മുരളീധരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് വൈദ്യുതി മന്ത്രിയായി വടക്കാഞ്ചേരിയിൽ ജനവിധി തേടിയപ്പോഴും വിജയം തുണച്ചില്ല. സഹോദരി പത്മജ വേണുഗോപാൽ മുകുന്ദപുരം ലോകസഭാ മണ്ഡലത്തിലും രണ്ട് തവണ തൃശൂർ നിയമസഭാ മണ്ഡലത്തിലും മത്സരിച്ചപ്പോഴും വിധി മറ്റൊന്നായില്ല.

അടിതെറ്റി വി.വിയും, ജോസും

ലീഡറെ മറി കടന്ന ഗ്ലാമറിൽ 1999ൽ ഇറങ്ങിയ വി.വി.രാഘവന് പക്ഷേ കോൺഗ്രസിലെ എ.സി.ജോസിനോട് അടിയറവ് പറയേണ്ടി വന്നു. എ.സി.ജോസിനോട് 11,632 വോട്ടുകൾക്കാണ് അടിയറവ് പറഞ്ഞത്. 2004ൽ രണ്ടാംമൂഴത്തിന് ഇറങ്ങിയ എ.സി.ജോസ് സി.പി.ഐയിലെ സി.കെ.ചന്ദ്രപ്പനോട് പരാജയപ്പെട്ടു. ചന്ദ്രപ്പന്റെ ഭൂരിപക്ഷം 45,961 ആയി. 6.7 ശതമാനത്തിന്റെ വർദ്ധനവാണ് ഭൂരിപക്ഷത്തിൽ ഉണ്ടായത്.

മികച്ചുനിന്നു പ്രതാപൻ

ശക്തമായ ത്രികോണ മത്സരമായിരുന്നിട്ടും സമീപകാലത്തെ വലിയ ഭൂരിപക്ഷമാണ് 2019ൽ യു.ഡി.എഫിലെ ടി.എൻ.പ്രതാപൻ നേടിയത്. 93,633 വോട്ട്. പ്രതാപന് 4,15,089 വോട്ടും എൽ.ഡി.എഫിലെ രാജാജി മാത്യു തോമസിന് 3,21,456 വോട്ടും ലഭിച്ചു. എൻ.ഡി.എയിലെ സുരേഷ് ഗോപി 2,93,822 വോട്ടുകളോടെ മികച്ച പ്രകടനവും കാഴ്ച വച്ചു.