തൃശൂർ: മണിയൻകിണർ ആദിവാസി കോളനിയിലെ എല്ലാ വോട്ടർമാരും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് അവകാശം വിനിയോഗിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ വി.ആർ. കൃഷ്ണതേജ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ് പ്രചാരണാർഥം പീച്ചി വാഴാനി വന്യജീവി സങ്കേതം ഒളകര ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മണിയൻകിണർ ആദിവാസി കോളനിയിൽ സംഘടിപ്പിച്ച വി.ഐ.പി ക്യാമ്പയിൻ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ കോളനിയിലെ മുതിർന്ന വോട്ടറായ വെള്ളച്ചിയമ്മയെ ആദരിച്ചു. പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു അദ്ധ്യക്ഷനായി. അസി. കളക്ടർ കാർത്തിക് പാണിഗ്രാഹി, ഒല്ലൂർ നിയോജകമണ്ഡലം അസി. റിട്ടേണിംഗ് ഓഫീസർ രവികുമാർ മീണ, ഊര് മൂപ്പൻ കുട്ടൻ, പട്ടിക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ എ.സി.പ്രജി എന്നിവർ സംസാരിച്ചു. പീച്ചി വാഴാനി അസി. വൈൽഡ് ലൈഫ് വാർഡൻ സുമു സ്‌ക്കറിയ തിരഞ്ഞെടുപ്പ് ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന പ്രമേയം വെള്ളച്ചിയമ്മ ജില്ലാ കലക്ടർക്ക് കൈമാറി. വോട്ടവകാശ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്ന ബോധവത്കരണ ക്ലാസ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ രംജിഷ് രാജ് നയിച്ചു. വനദിനാചരണത്തോടനുബന്ധിച്ച് കോളനി പരിസരത്ത് ജില്ലാ കലക്ടർ വൃക്ഷ തൈനട്ടു.