ചേർപ്പ്: പെരുവനം പൂരത്തിൽ പങ്കെടുക്കുന്ന 18 ദേവീദേവന്മാരിൽ 11 പേർ അണിനിരന്ന പെരുവനം വിളക്ക് ഭക്തി സാന്ദ്രം. പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ കൂട്ടിയെഴുന്നെള്ളത്ത് നടന്നത്. നെട്ടിശ്ശേരി ശാസ്താവ് നായകസ്ഥാനം വഹിച്ചു.
നെട്ടിശ്ശേരി ശാസ്താവിന്റെ ഇരുഭാഗത്തുമായി നാങ്കുളം ശാസ്താവ്, കോടന്നൂർ ശാസ്താവ്, ചക്കംക്കുളങ്ങര ശാസ്താവ്, മേടംകുളം ശാസ്താവ്, ചിറ്റിചാത്തക്കുടം ശാസ്താവ്, പൂനിലാർക്കാവ് ഭഗവതി, കല്ലേലി ശാസ്താവ്, മാട്ടിൽ ശാസ്താവ് എടക്കുന്നി ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതിമാർ അണിനിരന്നു. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം വിളക്കിന് അകമ്പടിയായി. തുടർന്ന് 11 ദേവീദേവന്മാരും ഒരുമിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തി.
നെട്ടിശ്ശേരി, നാങ്കുളം, കോടന്നൂർ ശാസ്താക്കന്മാരും എടക്കുന്നി ഭഗവതിയും ശ്രീപാർവതിയുടെ നടയിലെത്തി. മറ്റു ഏഴ് ദേവീദേവന്മാർ സ്വന്തം തട്ടകങ്ങളിലേക്ക് തിരിച്ചെഴുന്നെള്ളത്ത് നടത്തി. കയറ്റപഞ്ചാരിക്കു ശേഷം ഊരകത്തമ്മത്തിരുവടി പെരുവനം ക്ഷേത്രം പ്രദക്ഷിണം വച്ച് കിഴക്കെനട വഴി പുറത്തേക്ക് എഴുന്നെള്ളി. പെരുവനം ക്ഷേത്രത്തിനകത്ത് കിഴക്കെ നടയിലെ ഉപചാരത്തറയിൽ നെട്ടിശ്ശേരി ശാസ്താവ് എഴുന്നെള്ളി ഉപചാരം പറഞ്ഞു.
തുടർന്ന് നാങ്കുളം, കോടന്നൂർ ശാസ്താക്കന്മാരും ഉപചാരം ചൊല്ലി. മൂന്ന് ശാസ്താക്കന്മാരും ശ്രീപാർവതിയുടെ നടയിൽ കിഴക്കോട്ട് നിരന്ന് മേളത്തോടെ മതിൽക്കെട്ടിന് പുറത്തേക്ക് എഴുന്നെള്ളിപ്പ് നടത്തി. എടക്കുന്നി ഭഗവതി മാടത്തിലപ്പന് ഉപചാരം ചൊല്ലി. സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെഴുന്നെള്ളിയതോടെ പെരുവനം വിളക്കിന് സമാപനമായി.