sathyabhama

ചാലക്കുടി/തിരുവനന്തപുരം: 'കണ്ടാൽ കാക്കയുടെ നിറം. ഇയാളെ മോഹിനിയാട്ടം കളിക്കാൻ കൊള്ളില്ല. പെറ്റതള്ള സഹിക്കില്ല..." എന്നിങ്ങനെ യു ട്യൂബ് ചാനലിലൂടെ ജാത്യാധിക്ഷേപവും വിവരക്കേടും വിളമ്പിയ കലാമണ്ഡലം സത്യഭാമ തന്റെ നിലപാടിൽ ഉറച്ചുനിൽക്കെ ഡോ. ആർ.എൽ.വി.രാമകൃഷ്ണൻ നിയമ നടപടിക്ക് ഒരുങ്ങുന്നു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനാണ് മോഹിനിയാട്ടത്തിൽ ഉന്നത ബിരുദമുള്ള രാമകൃഷ്ണൻ. സമൂഹത്തിന്റെ പിന്തുണയോടെ ഇതിനെ നിയമപരമായി നേരിടുമെന്നും എല്ലാനിലയിലും അവർ നടത്തിയിരിക്കുന്ന പരാമർശം തന്നെക്കുറിച്ചാണെന്നും രാമകൃഷ്ണൻ പറഞ്ഞു.

സംഭവം വിവാദമായതോടെ കാലാസാംസ്കാരിക പ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. കലാമണ്ഡലം സത്യഭാമയുടെ പരാമർശം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിവിധ

ടി.വി ചാനലുകൾ പ്രതികരണം തേടിയപ്പോൾ സ്വരം കടുപ്പിച്ച സത്യഭാമ നിയമനടപടിയെ പേടിക്കുന്നില്ലെന്ന് ആവർത്തിച്ചു. ''ഞാൻ ആരുടെയും പേരെടുത്ത് പരാമർശിച്ചിട്ടില്ല. ആരോപണത്തിൽ വസ്തുതയില്ല."" സത്യഭാമ പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധം കൂടുതൽ കടുക്കുകയാണ്. സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സത്യഭാമയ്ക്കെതിരെ ചാലക്കുടിയിൽ പ്രകടനം നടത്തി.

പട്ടികജാതിക്കാരെ കലയിൽ നിന്ന് അകറ്റുന്ന ഗൂഢതന്ത്രങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ഡോ.രാമകൃഷ്ണന്റെ മോഹിനിയാട്ടം ചാലക്കുടിയിൽ തന്നെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.എം ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ രാമകൃഷ്ണന് ഐക്യദാർഢ്യവുമായി കലാഗൃഹത്തിലെത്തി. രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി ഡോ.ആർ.ബിന്ദു അടക്കമുള്ള പ്രമുഖർ ഫേസ് ബുക്കിൽ പോസ്റ്റിട്ടു.

''ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. ഞാൻ ഒരു ജാതിയോ മതമോ പറഞ്ഞിട്ടില്ല. പൊതുവികാരം ഉയർന്നിട്ടൊന്നും കാര്യമില്ല. ആരുടേയും സർട്ടിഫിക്കറ്റും എനിക്കു വേണ്ട."" എന്നു പറഞ്ഞ സത്യഭാമ താൻ പറഞ്ഞത് രാമകൃഷ്‌ണനെക്കുറിച്ചാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം.? എന്ന് മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു. ""യൂണിവേഴ്സിറ്റി തലത്തിൽ യുവജനോത്സവത്തിന് എത്തുമ്പോൾ അവർ നമുക്ക് മാർക്കിടാൻ നൽകുന്ന പേപ്പറിന്റെ ആദ്യകോളം മത്സരാർത്ഥിയുടെ സൗന്ദര്യമാണ്. അപ്പോ സൗന്ദര്യം എന്തിനാണ് വച്ചിരിക്കുന്നത് ?​ മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി മോഹിനി ആയിരിക്കണം. മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാവില്ലല്ലോ."" സത്യഭാമ പറയുന്നു. എം.ജി സർവകലാശാലയിൽ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും മോഹിനിയാട്ടത്തിൽ പിഎച്ച്.ഡി നേടുകയും ചെയ്ത കലാകാരനാണ് രാമകൃഷ്ണൻ.

യുട്യൂബിലെ വിവാദ പരാമർശം

''മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തിവച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നുപറഞ്ഞാൽ ഇതുപോലെയൊരു അരോചകത്വം വേറെയില്ല. ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺപിള്ളേരിൽ നല്ല സൗന്ദര്യമുള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല""

''നിറത്തോടുള്ള പരിഹാസം എന്നതിലുപരി അവരിൽ അന്തർലീനമായ ജാതിചിന്ത കൂടിയാണ് വെളിവാകുന്നത്. കല ആരുടെയും കുത്തകയല്ല. സത്യഭാമ പ്രസ്താവന പിൻവലിച്ച് ആർ.എൽ.വി രാമകൃഷ്‌ണനോടും സാംസ്‌കാരിക കേരളത്തോടും മാപ്പുപറയണം.""

-സജി ചെറിയാൻ, സാംസ്കാരിക മന്ത്രി


''കലാമണ്ഡലത്തിൽ നിന്നു നേരത്തെയും ദുരനുഭവമുണ്ടായിട്ടുണ്ട്. കറുത്തവരോട് ഇത്രയും മ്ലേച്ഛമായ നിലപാട് സ്വീകരിക്കുന്നവർ 21ാം നൂറ്റാണ്ടിലുമുണ്ടെന്ന വസ്തുത അമ്പരപ്പിക്കുന്നതാണ്.

-ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ