എങ്ങുമെത്താതെ തണൽ കെട്ടിട നിർമ്മാണം
പുതുക്കാട്: വയോജനങ്ങൾക്ക് പകൽ സമയം ചിലവഴിക്കാനുള്ള തണൽ കെട്ടിടം നിർമ്മാണം എങ്ങുമെത്താതെ പ്രതിസന്ധിയിൽ. സ്ഥലം എം.എൽ.എ നിർമ്മാണോദ്ഘടനം നടത്തുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനാകണം എന്ന പ്രോട്ടോക്കോൾ പാലിക്കാൻ പഞ്ചായത്ത് അംഗത്തിനും ജില്ലാ പഞ്ചായത്ത് അംഗത്തിനും താൽപര്യമില്ലാത്തതാണ് ഉദ്ഘാടനം നീളാൻ കാരണമെന്നാണ് ആരോപണം. വർഷങ്ങൾക്ക് മുമ്പ് തണൽ സംഘടനയ്ക്ക് കെട്ടിടം നിർമ്മിക്കാൻ പിരിവെടുത്ത പണം ഉപയോഗിച്ച് സ്ഥലം വാങ്ങിയിരുന്നു. പിന്നീട് ഈ സ്ഥലം പഞ്ചായത്തിന് കൈമാറി. ഈ സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ നിർമ്മാണത്തിന് തടസമാകുകയാണ് നിർമ്മാണോദ്ഘടന ചടങ്ങിലെ അദ്ധ്യക്ഷ സ്ഥാനം.
പഞ്ചായത്തിന്റെ സ്ഥലത്ത് പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനാവണം എന്ന പ്രോട്ടോകോൾ അനുസരിച്ചുള്ള തത്വം പാലിക്കാത്തതാണ് ഉദ്ഘാടനത്തിന് തടസമെന്നാണ് ആരോപണം. കെട്ടിടം നിർമ്മിക്കാൻ തടസവുമില്ലെന്നും എൻ.ഒ.സി നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാൽ പഞ്ചായത്ത് ശരിയായ രീതിയിലല്ല എൻ.ഒ.സി നൽകിയതെന്നും ആരോപണമുണ്ട്.
തണൽ അംഗങ്ങൾ പ്രതിഷേധിച്ചു
പഞ്ചായത്തിലെ പത്താം വാർഡിൽ തണൽ പുഞ്ചിരി ക്ലബിന് കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്ത് ശരിയായ എൻ.ഒ.സി നൽകണമെന്നാവശ്യപ്പെട്ട് തണൽ അംഗങ്ങൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തണൽ ബ്ലോക്ക് സെക്രട്ടറി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടീന തോബി അദ്ധ്യക്ഷയായി. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ആഴ്ചയിൽ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് അംഗം ടീന തോബിയുടെ നേതൃത്വത്തിൽ ഉപരോധിച്ചിരുന്നു.
പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിന് എൻ.ഒ.സി നൽകിയിട്ടുള്ളതാണ്. കെട്ടിട നിർമ്മാണത്തിന് ഒരു തടസവുമില്ല. പഞ്ചായത്ത് അംഗവും ജില്ലാ പഞ്ചായത്ത് അംഗവും ചേർന്ന് വാർഡിലെ വയോജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്
കെ.എം.ബാബുരാജ്
പ്രസിഡന്റ്, പുതുക്കാട് പഞ്ചായത്ത്.