ldf

കൊടുങ്ങല്ലൂർ: ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് കൊടുങ്ങല്ലൂരിൽ പ്രചാരണം നടത്തി. കോട്ടപ്പുറം ചന്തയിലൂടെ പാർട്ടി പ്രവർത്തകർക്കൊപ്പം നടന്ന് കച്ചവടക്കാരെയും നാട്ടുകാരെയും നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചു. രാവിലെ എട്ടോടെ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ സന്ദർശിച്ചായിരുന്നു തുടക്കം. കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളേജ് സന്ദർശിച്ച പ്രൊഫ. സി. രവീന്ദ്രനാഥിനെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയായിരുന്നു വിദ്യാർത്ഥികൾ സ്വീകരിച്ചത്.

കാഴ്ചപരിമിതിയെ അതിജീവിച്ച് പഠിച്ച് ജീവിത വിജയം കൈവരിച്ച കെ.കെ.ടി.എം കോളേജിലെ ഹിസ്റ്ററി വിഭാഗം അദ്ധ്യാപകൻ ജി. ഹരികൃഷ്ണനെ അനുമോദിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, കോതപ്പറമ്പ് സെന്റ് തോമസ് പള്ളി, കോടതി സമുച്ചയം, പൊലീസ് സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, കോ- ഓപറേറ്റീവ് കോളേജ്, ഗവ. ഗേൾസ് എച്ച്.എസ്.എസ്, കെ.എസ്.ഇ.ബി കൊടുങ്ങല്ലൂർ സെക്‌ഷൻ ഓഫീസ്, പുല്ലൂറ്റ് സെന്റ് അഗസ്റ്റിൻ കോൺവെന്റ്, പുല്ലൂറ്റ് തെക്കുംപുറം ഹദ്ദാദ് ജുമാ മസ്ജിദ്, ചാപ്പറ ജംഗ്ഷൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

വി.ആർ. സുനിൽകുമാർ എം.എൽ.എ, കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, ഇടതുമുന്നണി നേതാക്കളായ പി.കെ. ഡേവിസ്, ജോസ് കുരിശിങ്കൽ, ടി.കെ. സന്തോഷ്, സി.സി. വിപിൻ ചന്ദ്രൻ, കെ.വി. വസന്തകുമാർ, പി.എ. ജോൺസൺ, സി.വി. ഉണ്ണിക്കൃഷ്ണൻ, മുസ്താഖലി തുടങ്ങിയവർ നേതൃത്വം നൽകി.