bridge
ചാലക്കുടി വെട്ടുകടവ് പാലത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

ചാലക്കുടി: ചാലക്കുടിപ്പുഴയുടെ വെട്ടുകടവ് പാലത്തിൽ രൂപംകൊണ്ട വിള്ളലും അഗ്രത്തിലെ ഗർത്തവും ഉടൻ മണ്ണിട്ട് നികത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ. പാലത്തിലെ വിള്ളലും ഗർത്തവും പരിശോധിക്കുന്നതിനും അനന്തര നടപടികൾക്കുമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നടുവിലെ വിടവുകൾ സ്പാനുകളെ ബന്ധിപ്പിക്കുന്നിടത്താണെന്നും ഇതു സ്വാഭാവികമാണെന്നും ഉദ്യോഗസ്ഥർ വിലയിരുത്തി. ഉടൻ അറ്റകുറ്റ പണികൾ നടക്കും. തുടർന്നുള്ള നവീകരണത്തിന് എസ്റ്റിമേറ്റ്് തയ്യാറാക്കും. മഴക്കാലത്ത് വെള്ളം ഒഴുകിയാണ് ഗർത്തം രൂപപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചാലക്കുടി നഗരസഭയുടെ പരിധിയിൽപ്പെടുന്ന പടിഞ്ഞാറ് ഭാഗത്തെ പാലത്തിന്റെ അഗ്രത്തിലാണ് റോഡ് ഇടിഞ്ഞു താഴുന്നത്. മൂന്നുമാസം മുൻപ് കണ്ടെത്തിയ ഗർത്തം അടിയിലേയ്ക്ക് ഭീകരമായി നീണ്ടു പോയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. റോഡ്‌സ് ആന്റ് ബ്രിഡ്ജി വിഭാഗത്തിലെ എൻജിനീയർമാരായ എം.എ.ബിന്ദു, എസ്. ഹരീഷ്,റാബിയ,നിമേഷ് പുഷ്പൻ എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്.