mohiniyattom

ചാലക്കുടി: ജാത്യാധിക്ഷേപത്തിന് ഇരയായ ഡോ.ആർ.എൽ.വി.രാമകൃഷ്ണന് ഐക്യദാർഢ്യവുമായി ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി കലാകാരന്മാരുടെ സംഗമവും പ്രതീകാത്മക മോഹിനിയാട്ടം അവതരണവും സംഘടിപ്പിച്ചു. ചേനത്തുനാട് രാമൻ സ്മാരക കലാഗൃഹത്തിൽ നടന്ന സംഗമം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. നൂറ് വർഷം മുൻപ് സാംസ്‌കാരിക കേരളം ആട്ടിപ്പായിച്ച വർണവെറിയെ തിരികെയെത്തിക്കാനുള്ള ഗൂഢശ്രമമാണ് നർത്തകി കലാമണ്ഡലം സത്യഭാമയുടെ വാക്കുകളിലൂടെ പുറത്തുചാടിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകും. എല്ലാവിധ നൃത്തവും ശാസ്ത്രീയമായി പഠിച്ച്, അഭ്യസിച്ചാണ് ഡോക്ടറേറ്റ് അടക്കമുള്ള പദവികൾ നേടിയതെന്നും നർത്തകി സത്യഭാമ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സ്ത്രീകൾക്കും അപമാനം വരുത്തുന്നതാണെന്നും രാമകൃഷ്ണൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ.എൽ.ശ്രീലാൽ, കെ.എസ്.അശോകൻ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കെ.ബി.ഷെബീർ, സി.എസ്.സുരേഷ്, കെ.ഐ.അജിത, കെ.എസ്.റോസൽരാജ്, കെ.എസ്.സെന്തിൽകുമാർ, സീമ കെ.ശശി, കലാമണ്ഡലം ജയ തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് രാമകൃഷ്ണനെ കാണാനെത്തിയിരുന്നു.