
തൃശൂർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എ.എ.പി പ്രവർത്തകർ പഴയനടക്കാവിൽ ബി.ജെ.പി ജില്ലാ ആസ്ഥാനത്തേക്ക് പന്തംകൊളുത്തി മാർച്ച് നടത്തി. കോർപ്പറേഷൻ ഓഫീസിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും തടസം ഭേദിച്ച് സ്വരാജ് റൗണ്ട് വഴി ബി.ജെ.പി ഓഫീസിന് മുൻവശം വരെ പ്രവർത്തകരെത്തി. തുടർന്ന് ഏറെ നേരം മുദ്രാവാക്യം വിളികളുമായി ബി.ജെ.പി ഓഫീസിന് മുന്നിൽ പ്രവർത്തകർ നിലയുറപ്പിച്ചു. സംഘർഷമുണ്ടായേക്കുമെന്ന സൂചനയിൽ വൻ പൊലീസ് സന്നാഹവും എത്തിയിരുന്നു. പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. പിന്നീട് സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ ഓഫീസ് പരിസരത്തെത്തി പ്രതിഷേധം അവസാനിപ്പിച്ചു.