
തൃശൂർ: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ പ്രചാരണം ഊർജ്ജിതമാക്കി എൽ.ഡി.എഫും യു.ഡി.എഫും. തൃശൂർ, പാലക്കാട് ജില്ലകളിൽപെടുന്ന സ്ഥലങ്ങൾക്ക് ഒരുപോലെ പ്രാധാന്യം നൽകിയാണ് മുന്നണികളുടെ മുന്നേറ്റം. അതേസമയം എൻ.ഡി.എ സ്ഥാനാർത്ഥി ആരാകുമെന്നതിൽ വ്യക്തതയില്ല. ഇന്നലെ കുഴൽമന്ദം ചിതലിയിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും സമയം ചെലവിട്ടു. കാനനഛായയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ എന്ന് പാടിയപ്പോൾ തൊഴിലാളികൾ കൈയടിച്ചു. തുടർന്ന് താരകപ്പെണ്ണാളേ... എന്ന പാട്ടിനൊപ്പം ചിലർ നൃത്തം വച്ചു. കഴിഞ്ഞ ദിവസം കുന്നംകുളം മണ്ഡലത്തിലായിരുന്നു പര്യടനം.
വിവിധ കേന്ദ്രങ്ങളിൽ ഊഷ്മളമായ സ്വീകരണമേറ്റുവാങ്ങിയാണ് മന്ത്രി കെ.രാധാകൃഷ്ണന്റെ മുന്നേറ്റം. കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മേഖലയിലായിരുന്നു പര്യടനം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി അദ്ദേഹം സംവദിച്ചു. ഗൗരവമേറിയ വിഷയങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്ര അവഗണനയും രാജ്യത്തിന്റെ മതേതരത്വത്തെ ഇല്ലാതാക്കുന്ന വർഗീയയും തടയാൻ ഇടതുമുന്നണിക്കേ പറ്റുകയുള്ളൂവെന്ന് സ്വീകരണങ്ങളിൽ അദ്ദേഹം പറയുന്നു. മണ്ഡലത്തിലെ വികസന വിഷയങ്ങളും ചർച്ചയാക്കുന്നുണ്ട്. മന്ത്രിയെന്ന നിലയിൽ ചേലക്കര മേഖലയിലെ ജനങ്ങളുമായുള്ള ബന്ധവും അദ്ദേഹത്തിന് പ്രയോജനം ചെയ്യുന്നുണ്ട്.