
തൃശൂർ: ദേശീയ രാഷ്ട്രീയത്തിലെ സമകാലിക വിവാദങ്ങളും തൃശൂരിന്റെ വികസനവും സാധാരണക്കാരന്റെ കാർഷിക തൊഴിൽ മേഖലകളിലെ മുന്നേറ്റവുമെല്ലാം ചൂണ്ടിക്കാട്ടി മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥികൾ തൃശൂർ മണ്ഡലത്തിൽ പോരാട്ടം കടുപ്പിച്ചു. ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം നടത്തിയില്ലെങ്കിലും ഇന്ന് അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 'പ്രതിഷേധ മാർച്ചു ' മായി രംഗം കൊഴുപ്പിക്കും. ഇന്ന് വൈകിട്ട് നാലിന് ഡി.സി.സി ആസ്ഥാനത്ത് കെ.മുരളീധരന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമാപിക്കും. ഈ പരിപാടി ബി.ജെ.പിയുടെ ഭരണത്തിനെതിരെയുള്ള പ്രതിഷേധം ഉയർത്തിക്കാണിക്കാനുള്ള വേദിയാക്കി യു.ഡി.എഫ് നേതൃത്വം മാറ്റും.
മണ്ണിൽ ചവിട്ടി...
അതേസമയം, താന്ന്യം പഞ്ചായത്തിലെ ശ്രീരാമൻ ചിറ പാടശേഖരത്തിൽ 20 ഏക്കറിലായി ആരംഭിച്ച തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് അടക്കമുള്ള പരിപാടികളിൽ പങ്കെടുത്ത് കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം നിലകൊണ്ടുള്ള പര്യടനമാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ തുടരുന്നത്. സുനിൽകുമാറിന്റെ വിപുലമായ മണ്ഡലം പര്യടന പരിപാടിക്ക് ഇന്നലെ തുടക്കമിട്ടു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ കാറളം സെന്ററിൽ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മന്ത്രി ഡോ.ആർ.ബിന്ദുവും മന്ത്രി കെ.രാജനും പങ്കെടുത്തിരുന്നു. 30 വരെയുള്ള തിയതികളിൽ തൃശൂർ ലോക്‌സഭാ മണ്ഡലം പരിധിയിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയുടെ ആദ്യഘട്ട സ്വീകരണ പരിപാടി സംഘടിപ്പിക്കും. ദിവസവും രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ 8 വരെയുമാണ് പര്യടനപരിപാടി. 23ന് മണലൂർ നിയോജകമണ്ഡലം, 24ന് ഗുരുവായൂർ നിയോജകമണ്ഡലം, 26ന് പുതുക്കാട് നിയോജകമണ്ഡലം, 27ന് നാട്ടിക നിയോജകമണ്ഡലം, 28ന് തൃശൂർ നിയോജകമണ്ഡലം, 30ന് ഒല്ലൂർ നിയോജകമണ്ഡലം എന്ന ക്രമത്തിലാണ് പര്യടന പരിപാടി.
വികസനചർച്ചയുമായി എൻ.ഡി.എ
തൃശൂർ നേരിടുന്ന വികസനപ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ചർച്ച നടത്തിയാണ് എൻ.ഡി.എ പര്യടനം കൊഴുപ്പിക്കുന്നത്. ഞായറാഴ്ച തൃശൂർ കാസിനോ ഹോട്ടലിലാണ് വികസനരേഖ ചർച്ച. രാവിലെ പത്തിന് മെട്രോമാൻ ഇ.ശ്രീധരനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂരിലെ ശക്തൻ ഫിഷ് മാർക്കറ്റ് സന്ദർശിച്ചിരുന്നു.
കെജ്രിവാൾ മുതൽ വികസനം വരെ
1. കെജ്രിവാളിന്റെ അറസ്റ്റ്
2. ഇ.ഡിയുടെ പ്രതിപക്ഷ വേട്ട
3. എൻ.ഡി.എ വികസന രേഖ
4. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ