
#കാർഷിക, ഫിഷറീസ്, വെറ്ററിനറി യൂണി.കളിലും സമാന പ്രശ്നം
തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവകലാശാലകളിലെ അദ്ധ്യാപകർക്ക് ഏഴാം ശമ്പളപരിഷ്‌കരണ പ്രകാരമുള്ള യു.ജി.സി കുടിശ്ശിക കിട്ടാക്കനിയായി.
2016 ജനുവരി ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ളതാണ് കിട്ടാനുള്ളത്. 50 ശതമാനം വീതം കേന്ദ്ര, സംസ്ഥാന വിഹിതമാണ്.. സംസ്ഥാന വിഹിതം 21.7 കോടി നൽകണം.. വിഹിതം നൽകിയ മറ്റ് സംസ്ഥാനങ്ങളിലെ 18 കാർഷിക, വെറ്ററിനറി, ഹോർട്ടിക്കൾച്ചർ യൂണിവേഴ്‌സിറ്റികൾക്ക് ഐ.സി.എ.ആർ 299.40 കോടി അനുവദിച്ചു.സംസ്ഥാന വിഹിതം നൽകിയതിന്റെ തെളിവ് ഹാജരാക്കിയാലേ തങ്ങളുടെ വിഹിതം നൽകൂവെന്ന നിലപാടിലാണ് ഐ.സി.എ.ആർ. സംസ്ഥാന വിഹിതം അദ്ധ്യാപകരുടെ പി.എഫിൽ ലയിപ്പിക്കാൻ തീരുമാനിച്ചത് ഐ.സി.എ.ആർ അംഗീകരിച്ചില്ല.. സംസ്ഥാന വിഹിതം നൽകണമെന്ന കടും പിടിത്തം മുമ്പ് കാണിച്ചിരുന്നില്ല.
സംസ്ഥാനത്തിന് വിഹിതം കൃത്യമായി നൽകണമെന്ന് സർവകലാശാല അധികൃതരും അദ്ധ്യാപക സംഘടനകളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് പരിഗണിക്കാമെന്ന നിലപാടാണ് ഐ.സി.എ.ആറിന്റേത്. സംസ്ഥാനത്തിന് അർഹതപ്പെട്ട തുക ലഭിക്കാനുള്ള സുപ്രീംകോടതി കേസിൽ ഈ തുകയും പെടും. സംസ്ഥാനവിഹിതം ഉടൻ നൽകിയില്ലെങ്കിൽ ഐ.സി.എ.ആർ വിഹിതം നഷ്ടപ്പെട്ട് കുടിശ്ശിക ലഭിക്കാതാകുമെന്ന ആശങ്കയിലാണ് അദ്ധ്യാപകർ.
യൂണി. അദ്ധ്യാപകരുടെ
എണ്ണം, കുടിശ്ശിക
(തുക കോടിയിൽ)
#കാർഷികം- 500.....12.7
#ഫിഷറീസ് -54.....1.5
#വെറ്ററിനറി -260...... 7.5